ദോഹ: ജഴ്‌സി വിവാദത്തില്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പിന്തുണയുമായി മെക്‌സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ദാദോ. മെസിയെന്ന വ്യക്തിയെ തനിക്ക് നന്നായി അറിയാമെന്നും ഡ്രസിങ് റൂമില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവാദമുണ്ടാക്കിയ ബോക്‌സര്‍ കനെലോ അല്‍വാരസിന് അറിയില്ലെന്നും ഗ്വര്‍ദാദോ പറഞ്ഞു.
മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷം അര്‍ജന്‍റൈന്‍ ലോക്കര്‍ റൂമില്‍ തറയില്‍ കിടന്ന ഒരു തുണി മെസി കാലുകൊണ്ട് നീക്കിവയ്‌ക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മെസി തങ്ങളുടെ ജഴ്‌സി ഉപയോഗിച്ച് തറ വൃത്തിയാക്കിയെന്നും തന്‍റെ മുന്നില്‍ വന്ന് പെടാതിരിക്കാന്‍ അവന്‍ ദൈവത്തോട് പ്രാര്‍ഥിക്കട്ടെയെന്നും കാനെലോ ഭീഷണി ഉയര്‍ത്തിയിരുന്നു.
ആ ജഴ്‌സി തന്‍റേതായിരുന്നുവെന്നും മെക്‌സിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു. "വിയര്‍പ്പ് പറ്റിയത് സന്തം ജഴ്‌സിയിലാണെങ്കിലും എതിരാളിയുടെതാണെങ്കിലും നിലത്തിടുന്നതാണ് പതിവ്. ഡ്രസിങ് റൂം എന്താണെന്ന് കനെലോയ്ക്ക് അറിയില്ല. ആ ജഴ്‌സി എന്‍റേതായിരുന്നു. ഇത് വളരെ ബാലിശമായാണ് എനിക്ക് തോന്നുന്നത്", ആന്ദ്രെ ഗ്വര്‍ദാദോ വ്യക്തമാക്കി.
അതേസമയം മെസിയ പിന്തുണച്ച് മുന്‍ സ്‌പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസ്, അര്‍ജന്‍റൈന്‍ മുന്‍ താരം സെർജിയോ അഗ്യൂറോ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഒരു ലോക്കര്‍ റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന ധാരണയില്ലായ്‌മയാണ് ലോക മിഡ്‌വെയ്‌റ്റ് ചാമ്പ്യനായ കനെലോയുടെ ഭീഷണിക്ക് പിന്നിലെന്നാണ് ഇരുവരും ആവര്‍ത്തിച്ചത്.
Also read:ഖത്തറില്‍ ചരിത്രം പിറക്കുന്നു; ലോകകപ്പ് മത്സരം നിയന്ത്രിക്കാന്‍ മൂന്ന് പെണ്‍ പുലികള്‍