ദോഹ : ഖത്തര്‍ ലോകകപ്പില്‍ കാനഡയ്‌ക്കെതിരായ മത്സരത്തോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാന്‍ ക്രൊയേഷ്യയ്‌ക്ക് കഴിഞ്ഞു. ഗ്രൂപ്പ് എഫിലെ ആവേശപ്പോരില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനഡയെ ക്രൊയേഷ്യ തോല്‍പ്പിച്ചത്. മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ അല്‍ഫോണ്‍സോ ഡേവിസിലൂടെ കാനഡ ക്രൊയേഷ്യയുടെ വല കുലുക്കിയിരുന്നു.
എന്നാല്‍ ആന്ദ്രെ ക്രമാറിക്കിന്‍റെ ഇരട്ട ഗോളുകള്‍ക്ക് പുറമെ മാര്‍കോ ലിവാജ, ലോവ്‌റോ മജര്‍ എന്നിവരും ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ മത്സരം പിടിച്ചു. ടീമിന്‍റെ ഈ വിജയത്തിന് കാനഡ പരിശീലകന്‍ ജോണ്‍ ഹെര്‍ഡ്‌മാനോടാണ് ആന്ദ്രെ നന്ദി പറഞ്ഞത്. ക്രൊയേഷ്യക്കെതിരെ ഹെര്‍ഡ്‌മാന്‍ നടത്തിയ തെറിവിളിയാണ് ടീമിന് പ്രചോദനമായതെന്നാണ് ആന്ദ്രെ പറയുന്നത്.
'ഒടുവില്‍ അദ്ദേഹം പറഞ്ഞ ആ അവസ്ഥ ആര്‍ക്കാണ് സംഭവിച്ചതെന്ന് ക്രൊയേഷ്യ മൈതാനത്ത് കാണിച്ചുകൊടുത്തു' - ഹെര്‍ഡ്‌മാന്‍ പ്രയോഗിച്ച അതേ അശ്ലീല പദം ഉപയോഗിച്ചുകൊണ്ടാണ് ആന്ദ്രെ ഇക്കാര്യം പറഞ്ഞ് അവസാനിപ്പിച്ചത്.
Also read: Watch: മെസിയുടെ ഗോളില്‍ പൊട്ടിത്തെറിച്ച് ജനക്കൂട്ടം; അർജന്‍റീനയിലല്ല, ബംഗ്ലാദേശിലാണ്
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തെ വിറപ്പിച്ചാണ് കാനഡ കീഴടങ്ങിയത്. ഇതോടെ തങ്ങളുടെ അടുത്ത മത്സരം ക്രൊയേഷ്യക്കെതിരാണെന്ന് പറയുന്നതിനിടെയാണ് ഹെര്‍ഡ്‌മാന്‍ അശ്ലീല പദ പ്രയോഗം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ക്രൊയേഷ്യന്‍ പത്രങ്ങള്‍ ഹെര്‍ഡ്‌മാന്‍റെ നഗ്ന ചിത്രം അച്ചടിച്ചിരുന്നു. ടീമിനെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് താന്‍ അത്തരമൊരു പദപ്രയോഗം നടത്തിയതെന്നായിരുന്നു ഹെര്‍ഡ്‌മാന്‍റെ വിശദീകരണം.