ദോഹ: ഖത്തർ ലോകകപ്പില്‍ നിന്നുള്ള ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസേമയുടെ പുറത്താവല്‍ ആരാധകര്‍ക്ക് നിരാശയാവുകയാണ്. പരിശീലനത്തിനിടെ ഇടത് തുടയ്‌ക്കേറ്റ പരിക്കിനെ തുടർന്നാണ് ബെൻസേമയുടെ പിന്മാറ്റം. ഇതിന് പിന്നാലെ തന്‍റെ ആദ്യ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് കരീം ബെൻസേമ.
ഈ ലോകകപ്പ് മികച്ചതാക്കാന്‍ ടീമിനെ സഹായിക്കാന്‍ കഴിയുന്ന ഒരാൾക്ക് തന്‍റെ സ്ഥാനം വിട്ടുകൊടുക്കുകയാണെന്നാണ് 34കാരനായ ബെൻസേമ ഇന്‍സ്റ്റഗ്രാമിലൂടെ അറിയച്ചത്. "ജീവിതത്തിൽ ഒന്നും വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല, പക്ഷെ ഞാൻ എപ്പോഴും ചെയ്യുന്നതുപോലെ ടീമിനെക്കുറിച്ച് ചിന്തിക്കണം.
ഈ ലോകകപ്പ് മികച്ചതാക്കാന്‍ ടീമിനെ സഹായിക്കാന്‍ കഴിയുന്ന ഒരാൾക്ക് എന്‍റെ സ്ഥാനം വിട്ടുകൊടുക്കാനാണ് അതെന്നോട് പറയുന്നത്. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിനും സന്ദേശങ്ങള്‍ക്കും നന്ദി". ബെൻസെമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ തന്നെയുള്ള പരിക്കുമായി ഖത്തറിലെത്തിയ താരത്തിന് പരിശീലനത്തിനിടെ കാലിൽ അസാധാരണമായ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പരിക്ക് സ്ഥിരീകരിച്ചത്. മൂന്ന് ആഴ്‌ച വരെ താരത്തിന് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2010, 2014 ലോകകപ്പുകളിൽ കളിച്ച ബെൻസേമക്ക് വിവാദങ്ങൾ കാരണം ഫ്രാൻസ് കിരീടം നേടിയ 2018ലെ ലോകകപ്പിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. 2021 ൽ ദേശീയ ടീമിൽ തിരിച്ചെത്തിയ താരം ബാലൻ ദ്യോർ പുരസ്‌കാരത്തിന്‍റെ നിറവിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പരിക്ക് വില്ലനായത്.
അതേസമയം ഇതിനകം തന്നെ പോൾ പോഗ്ബ, എൻഗോളോ കാന്‍റെ, പ്രെസ്‌നൻ കിമ്പപ്പെ, ക്രിസ്റ്റഫർ എങ്കുങ്കു തുടങ്ങിയ താരങ്ങളെ നഷ്‌ടമായ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഉജ്ജ്വല ഫോമിലുള്ള ബെൻസേമയുടെ അഭാവം കനത്ത തിരിച്ചടിയാണ്.
also read:Qatar World Cup | ഒറ്റ തുകൽപ്പന്ത്, ഒരേയൊരു വികാരം; ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം