ദോഹ: ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ വിറപ്പിച്ച് കീഴടങ്ങി കാനഡ. അവസരങ്ങള്‍ തുലയ്‌ക്കാന്‍ ഇരു കൂട്ടരും മത്സരിച്ചപ്പോള്‍ മിച്ചി ബാറ്റ്‌ഷുവായിയുടെ ഏകഗോളിനായിരുന്നു ബെല്‍ജിയം വിജയം. ഫിനിഷിങ്ങിലെ പിഴവുകളും ബെല്‍ജിയം ഗോളി തിബോട്ട് കോര്‍ട്ടോയുടെ മികവുമാണ് കനേഡിയന്‍ സംഘത്തിന് തിരിച്ചടിയായത്.
ബെല്‍ജിയത്തിന്‍റെ സുവര്‍ണനിരയ്‌ക്കെതിരെ തുടക്കം മുതല്‍ കാനഡ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22 ഷോട്ടുകള്‍ അവര്‍ പായിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യം കണ്ടില്ല. പത്താം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താന്‍ കാനഡയ്‌ക്ക് അവസരം ലഭിച്ചിരുന്നു.
എന്നാല്‍ കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസിന് ഗോളി കോര്‍ട്ടോയെ മറികടക്കാന്‍ സാധിച്ചില്ല. പോസ്‌റ്റിന്‍റെ വലതുഭാഗത്തേക്ക് ഡേവിസ് പായിച്ച ഷോട്ട് സ്റ്റാര്‍ ഗോളി അനായാസം പറന്ന് തടുത്തിട്ടു. തുടര്‍ന്നും ആക്രമണവുമായി ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിയ കാനഡ ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കി.
ബെല്‍ജിയത്തിന്‍റ പല മുന്നേറ്റങ്ങള്‍ക്കും കാനഡയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ സാധിച്ചില്ല. ലോങ് പാസുകള്‍ കളിച്ച് ഗോള്‍ കണ്ടെത്താനായിരുന്നു ബെല്‍ജിയത്തിന്‍റെ ശ്രമം. തുടര്‍ന്ന് 44ാം മിനിട്ടിലാണ് കാനഡയുടെ പ്രതിരോധപൂട്ട് തകര്‍ത്ത് ബെല്‍ജിയം ഗോളടിച്ചത്.
ഓള്‍ഡർവേറേള്‍ഡിന്‍റെ ലോങ് ബോളില്‍ നിന്ന് ലഭിച്ച അവസരം ബാറ്റ്‌ഷുവായി ഗോളാക്കി മാറ്റി. പിന്നിലായ ശേഷവും എതിര്‍ഗോള്‍ മുഖത്തേക്ക് കാനഡ ഇരച്ചെത്തിക്കൊണ്ടേയിരുന്നു. തുടരെ തുടരയെുള്ള ആക്രമണങ്ങള്‍ കൊണ്ട് ബെല്‍ജിയത്തെ വിറപ്പിച്ചെങ്കിലും ഗോള്‍വല ചലിപ്പിക്കാന്‍ മാത്രം കാനഡയ്‌ക്ക് സാധിച്ചില്ല. അവസാന മിനിട്ടുകളില്‍ ലീഡുയര്‍ത്താന്‍ കെവിന്‍ ഡി ബ്രൂയ്‌ന്‍ ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.