ഹൈദരാബാദ് : കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബാഡ്‌മിന്‍റണ്‍ വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ഇന്ത്യൻ സൂപ്പർതാരം പിവി സിന്ധു ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിൻമാറി. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്നാണിത്. സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
'ഇന്ത്യയ്ക്ക് വേണ്ടി കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടി നിൽക്കെ നിർഭാഗ്യവശാൽ എനിക്ക് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറേണ്ടി വന്നിരിക്കുന്നു. കോമണ്‍വെൽത്ത് ഗെയിംസിന്‍റെ ക്വാർട്ടർ ഫൈനലിൽ എനിക്ക് വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് ഉണ്ടാകുമെന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ എന്‍റെ കോച്ച്, ഫിസിയോ, പരിശീലകൻ എന്നിവരുടെ സഹായത്താൽ, കഴിയുന്നിടത്തോളം മുന്നോട്ട് പോകാൻ ഞാൻ തീരുമാനിക്കുകയായിരുന്നു' - സിന്ധു പ്രസ്താവനയിൽ പറഞ്ഞു
'ഫൈനൽ മത്സരത്തിനിടയിലും അതിനുശേഷവും വേദന അസഹനീയമായിരുന്നു. അതിനാൽ ഹൈദരാബാദിൽ തിരിച്ചെത്തിയ ഉടൻ തന്നെ ഞാൻ എംആർഐ സ്‌കാനിംഗ് നടത്തി. എന്‍റെ ഇടതുകണങ്കാലിന് ചെറിയ പൊട്ടൽ ഉള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഏതാനും ആഴ്‌ചകൾ വിശ്രമിക്കാനും നിർദേശം നൽകി. കുറച്ച് ആഴ്‌ചകൾക്കുള്ളിൽ ഞാൻ പരിശീലനം പുനരാരംഭിക്കും, നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവർക്കും നന്ദി' - സിന്ധു കൂട്ടിച്ചേർത്തു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സിന്ധു പരിക്കോടെയാണ് ഫൈനലില്‍ കളിച്ചതെന്ന് മത്സരശേഷം വെളിപ്പെടുത്തിയിരുന്നു. അതേസമയം ലോക ചാമ്പ്യൻഷിപ്പിൽ മികച്ച റെക്കോർഡാണ് സിന്ധുവിനുള്ളത്. 2019ലെ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സിന്ധു രണ്ട് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 21 ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28 വരെ നീണ്ടുനിൽക്കും.