ജക്കാര്‍ത്ത :ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ഡാനിഷ് താരം ലിൻ ക്രിസ്റ്റഫർസെന്നിനെയാണ് സിന്ധു മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. സ്കോർ 18-21, 21-15,21-11.
ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസാക്കയാണ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമില്‍ 11-9ന് മുന്നിലെത്തിയശേഷമാണ് സിന്ധു ഗെയിം കൈവിട്ടത്. രണ്ടാം ഗെയിമില്‍ 3-0ന് മുന്നിലെത്തിയശേഷം പിന്നില്‍ പോയെങ്കിലും ലിന്നിന് അവസരം മുതലെടുക്കാനായില്ല.
അനായാസം ലക്ഷ്യ ; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ലക്ഷ്യ സെൻ ഡാനിഷ് താരം ഹൻസ് ക്രിസ്റ്റ്യനെയാണ് ആദ്യ റൗണ്ടില്‍ അനായാസം മറികടന്നത്. സ്കോർ 21-10, 21-18. ഡെന്മാര്ക്കിന്റെ രാസ്മസ് ഗെംക്കെ ആണ് പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി.
അതേസമയം, പരിക്കില്‍ നിന്ന് മോചിതനായശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സമീർ വർമ ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ചിക്കോ ഔറയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സമീര്‍ വര്‍മുടെ തോല്‍വി. സ്കോര്‍ 17-21, 15-21. ഇന്ത്യയുടെ ആകർഷി കശ്യപും ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് 30 മിനിറ്റിനുള്ളിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു ആകര്‍ഷിയുടെ തോല്‍വി. സ്കോര്‍ 12-21, 11-21.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഇഷാന് ഭട്നാഗര്‍-ടാനിഷ ക്രാസ്റ്റോ സഖ്യം ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദാന്‍-മെലാറ്റി ഡൈവ സഖ്യത്തോട് പൊരുതി തോറ്റു. സ്കോര്‍ 14-21, 21-16, 12-21