സിഡ്‌നി :ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ (Australian Open Badminton) നിന്ന് പിവി സിന്ധു (PV Sindhu) സെമി ഫൈനല്‍ കാണാതെ പുറത്ത്. ഇന്ന് (ഓഗസ്റ്റ് 04) നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക പന്ത്രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോടാണ് (Beiwen Zhang) പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ട് പ്രാവശ്യം ഒളിമ്പിക് മെഡല്‍ നേടിയ താരത്തിന്‍റെ തോല്‍വി. സ്‌കോര്‍ : 12-17, 17-21.
ഇതിന് മുന്‍പ് ബെയ്‌വെൻ ഷാങ്ങിനെതിരെ ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളില്‍ ആറിലും ജയം നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍, ഷാങ്ങ് കടുത്ത പോരാട്ടമാണ് സിന്ധുവിനെതിരെ നടത്തിയത്. 39 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ചൈനീസ് വംശജയായ അമേരിക്കന്‍ താരത്തിന് മുന്നില്‍ വീണത്.
ഇന്ത്യന്‍ താരങ്ങളായ അഷ്‌മിത ചാലിഹ (Ashmita Chaliha), ആകർഷി കശ്യപ് (Aakarshi Kashyap) എന്നിവരെയാണ് ആദ്യ രണ്ട് റൗണ്ടുകളില്‍ പിവി സിന്ധു പരാജയപ്പെടുത്തിയത്. ഇവര്‍ക്കെതിരെ ആധികാരികമായ പ്രകടനം നടത്താന്‍ സിന്ധുവിനായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇവര്‍ക്കെതിരെ ജയം നേടിയത്.
അതേസമയം, ഷാങ്ങിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വി ലോക ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് പിവി സിന്ധുവിനേറ്റ കനത്ത തിരിച്ചടിയാണ്. ഓഗസ്റ്റ് 21-27 വരെയാണ് ലോകചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. പരിക്കില്‍ നിന്നും തിരിക കോര്‍ട്ടിലേക്ക് എത്തിയ ശേഷം അത്ര മികച്ച പ്രകടനം നടത്താന്‍ സിന്ധുവിന് സാധിച്ചിട്ടില്ല.