ലേ: അൾട്രാ-സൈക്ലിങിൽ ഗിന്നസ് റെക്കോഡിട്ട് പൂനെ സ്വദേശിനിയായ പ്രീതി മാസ്‌കെ. 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ നിന്ന് മണാലിയിലേക്ക് ഒറ്റയ്‌ക്ക് സൈക്കിൾ ചവിട്ടിയ ആദ്യ വനിതയെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 480 കിലോമീറ്റർ ദൂരം പിന്നിട്ട 45 കാരിയായ പ്രീതി രണ്ട് കുട്ടികളുടെ അമ്മയാണ്.
ഇത്രയും ദൂരം പിന്നിട്ട പ്രീതി ഗിന്നസ് വേൾഡ് റെക്കോഡിന്‍റെ എല്ലാവിധ മാനദണ്ഡങ്ങളും നിറവേറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം തന്നെ 6,000 കിലോമീറ്റർ ദൂരമുള്ള ഗോൾഡൻ ക്വാഡ്രിലാറ്ററലിൽ ഏറ്റവും വേഗതയേറിയ വനിത സൈക്ലിസ്റ്റ് എന്ന റെക്കോഡും അവർ സ്വന്തമാക്കിയിട്ടുണ്ട്.
സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന് പ്രായം ഒരു തടസമല്ലെന്നാണ് യാത്ര പൂർത്തിയാക്കിയ സന്തോഷത്തിൽ പ്രീതി പറഞ്ഞത്. അസുഖത്തെ മറികടക്കാനാണ് 40-ാം വയസിൽ ഞാൻ സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. എന്‍റെ ഭയത്തെ എനിക്ക് മറികടക്കാൻ കഴിയുമെങ്കിൽ, ഏതൊരു സ്‌ത്രീക്കും അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാനാകും.
ജൂൺ 22 ന് ലേ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) മേധാവി ഗൗരവ് കാർക്കി ഫ്ലാഗ് ഓഫ് ചെയ്‌തതോടെയാണ് റൈഡിന് തുടക്കമായത്. ജൂൺ 24 ന് ഉച്ചയ്‌ക്ക് 1.13 നാണ് യാത്ര പൂർത്തിയാക്കിയത്. ഈ യാത്ര പൂർത്തിയാക്കാൻ 60 മണിക്കൂർ സമയമാണ് ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ നൽകിയിരുന്നത്. മോശം കാലാവസ്ഥയിൽ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് പ്രീതി യാത്ര പൂർത്തിയാക്കിയത്.
8,000 മീറ്റർ ഉയരത്തിലുള്ള ഈ പാതയിലൂടെ ദീർഘദൂര സൈക്ലിങ്ങ് വളരെ ദുഷ്‌കരമായിരുന്നു. ശ്വാസതടസം കാരണം രണ്ട് തവണ ഓക്‌സിജൻ സ്വീകരിച്ചാണ് പ്രീതി യാത്ര തുടര്‍ന്നത്. സാറ്റലൈറ്റ് ഫോണും മെഡിക്കൽ അസിസ്റ്റന്‍റുമടക്കം സഹായത്തിനായി രണ്ട് വാഹനങ്ങൾ വിന്യസിച്ച ബിആർഒയുടെ പിന്തുണയാണ് യാത്രയിൽ നിർണായകമായത്.