ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ (ഐഒഎ) ആദ്യ വനിത പ്രസിഡന്‍റായി ഇതിഹാസതാരം പി ടി ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. സുപ്രീംകോടതി നിയമിച്ച, വിരമിച്ച സുപ്രീംകോടതി ജഡ്‌ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഉഷയെ തെരഞ്ഞെടുത്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും പി ടി ഉഷ ഇതോടെ സ്വന്തമാക്കി.
1934ൽ ഒരു ടെസ്റ്റ് മത്സരം കളിച്ച മഹാരാജ യാദവീന്ദ്ര സിങ്ങിന് ശേഷം ഐഒഎ മേധാവിയായ ആദ്യ കായികതാരം കൂടിയാണ് പി ടി ഉഷ. 1938 മുതൽ 1960 വരെയാണ് മഹാരാജ യാദവീന്ദ്ര ഐഒഎയുടെ പ്രസിഡന്‍റ് പദവി അലങ്കരിച്ചിരുന്നത്. രാഷ്‌ട്രീയ ഭരണ രംഗത്തുള്ളവരാണ് പൊതുവെ ഐഒഎയുടെ തലപ്പത്തെത്താറുള്ളത്. ഇതിനൊരു മാറ്റമാണ് പി ടി ഉഷയിലൂടെ സാധ്യമായത്.
2021 ഡിസംബറിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുന്ന തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ വിഭാഗീയതയെത്തുടർന്ന് തെരഞ്ഞെടുപ്പ് നീണ്ടുപോയതോടെ ഈ മാസം തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ ഐഒഎയെ സസ്‌പെൻഡ് ചെയ്യുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടത്താൻ ഐഒഎ തീരുമാനിച്ചത്.
ഈ വർഷം ജൂലൈയിൽ പി ടി ഉഷയെ കേന്ദ്രസർക്കാർ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്‌തിരുന്നു. ഇതിലൂടെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന ആദ്യ മലയാളി വനിത എന്ന നേട്ടവും പി ടി ഉഷ സ്വന്തമാക്കിയിരുന്നു. നേരത്തെ ഏഷ്യന്‍ അത്ലറ്റിക്‌സ് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവിയും ഉഷ വഹിച്ചിരുന്നു.