പാരിസ് : സൂപ്പർ താരങ്ങളായ മെസിയും നെയ്‌മറും ക്ലബ് വിട്ട ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് (Champions League) മത്സരത്തിൽ ജയത്തോടെ തുടങ്ങി ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജി. സ്വന്തം തട്ടകമായ പാർക് ഡി പ്രിൻസസിൽ ബൊറൂസിയ ഡോർട്‌മുണ്ടിനെ നേരിട്ട പിഎസ്‌ജി രണ്ട് ഗോളുകളുടെ ജയമാണ് നേടിയത് (PSG defeated Borussia Dortmund). രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ, അഷ്‌റഫ് ഹകീമി എന്നിവരുടെ ഗോളിലാണ് വിജയവും മൂന്ന് പോയിന്‍റും സ്വന്തമാക്കിയത്.
കിലിയൻ എംബാപ്പെയ്‌ക്കൊപ്പം ഒസ്‌മാൻ ഡെംബലെ, കോലോ മൂവാനി എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തി 4-3-3 ഫോർമേഷനിലാണ് പിഎസ്‌ജി കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ പിഎസ്‌ജി വ്യക്തമായ മേധാവിത്വം പുലർത്തിയെങ്കിലും ഡോർട്‌മുണ്ട് പ്രതിരോധം മറികടന്ന് വലകുലുക്കാനായിരുന്നില്ല. 19-ാം മിനിറ്റിൽ വിറ്റിന്യയുടെ ഗോൾശ്രമം പോസ്റ്റിൽ തട്ടിമടങ്ങിയിരുന്നു. പിന്നാലെ കോലോ മുവാനിയുടെ ഗോൾശ്രമം പുറത്തേക്ക് പോയതോടെ ആദ്യ പകുതി ഗോൾരഹിതമായി തുടർന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത പിഎസ്‌ജി 49-ാം മിനിറ്റിൽ എംബാപ്പെയിലൂടെ ലീഡെടുത്തു. ഒസ്‌മാൻ ഡെംബലെയുടെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഡോർട്‌മുണ്ട് ഡിഫൻഡർ നികോളസ് സുലെയുടെ കയ്യിൽ തട്ടി. വാർ പരിശോധനയുടെ സഹായത്തോടെ റഫറി പിഎസ്‌ജിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത എംബാപ്പെയ്‌ക്ക് പിഴച്ചില്ല.