പാരീസ് : ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്തുനിന്നും മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസ്യോ റൊമാനോയാണ് ഇക്കാര്യം അറിയിച്ചത്. ടീമിന്‍റെ ഉടമ നാസര്‍ അല്‍ ഖെലൈഫിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനമെന്നും റൊമാനോ ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ സമ്മറില്‍ പിഎസ്‌ജിയുടെ ചുമതലയേറ്റ പോച്ചെറ്റിനോ തന്‍റെ ആദ്യ സീസണിൽ ലീഗ് വണ്‍ കിരീടം തിരിച്ചുപിടിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിന്‍റെ നോക്കൗട്ടില്‍ വീണിരുന്നു. ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ തുടങ്ങിയ ലോകോത്തര താരങ്ങളുണ്ടായിട്ടുകൂടിയായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ വീഴ്‌ച. ഇതോടെയാണ് പിഎസ്‌ജി പുതിയ സീസണിലേക്കായി പൊച്ചെറ്റീനോയ്‌ക്ക് പകരക്കാരനെ തേടുന്നത്.
ക്ലബ്ബിന്‍റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായ ലിയനാർഡോയുടെവിടവാങ്ങൽ ഉടൻ പ്രഖ്യാപിക്കുമെന്നും റൊമാനോ സൂചന നല്‍കുന്നുണ്ട്. ലിയനാര്‍ഡോയ്ക്ക് പകരക്കാരനായി ലൂയിസ് ക്യാംപോസ് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് ലീഗില്‍ ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ലൂയിസ്.