കേരളം

kerala

ETV Bharat / sports

20 ഗോളുകളും അസിസ്റ്റുകളും ; ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് റെക്കോഡുമായി ലയണൽ മെസി - Ligue 1

ഈ സീസണിൽ ഇതുവരെ പിഎസ്‌ജിക്കായി എല്ലാ മത്സരങ്ങളിലുമായി 20 ഗോളുകളും 20 അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരമില്ല.

Messi  Messi PsG  പിഎസ്‌ജി  ലയണൽ മെസി  Lionel messi  പിഎസ്‌ജി ലയണൽ മെസി  Lionel Messi sets incredible season record  Lionel Messi news  Lionel Messi new record  Ligue 1  assist record for messi
ടോപ്പ് ഫൈവ് ലീഗ് റെക്കോഡുമായി ലയണൽ മെസി

By

Published : May 23, 2023, 9:18 AM IST

Updated : May 23, 2023, 11:41 AM IST

പാരിസ്: ഗോൾ സ്‌കോററായും പ്ലേമേക്കറായും ഒരേസമയം മികവ് തുടരുകയാണ് പിഎസ്‌ജിയുടെ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി. രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ രാജ്യന്തര ഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലുമായി നിരവധി റെക്കോഡുകളാണ് മെസിയെ തേടിയെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ഓക്സെയറിനെതിരായ മത്സരത്തിൽ മെസി മറ്റൊരു റെക്കോഡ് കൂടെ സ്വന്തമാക്കി.

ഫ്രഞ്ച് ലീഗിൽ ഓക്സെയറിനെതിരായ മത്സരത്തിൽ എംബാപ്പെ നേടിയ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയാണ് മെസി ഈ സീസണിൽ മറ്റൊരു നാഴികകല്ല് പിന്നിട്ടത്. പിഎസ്‌ജിക്കായി ഈ സീസണിൽ മെസിയുടെ 20-ാം അസിസ്റ്റായിരുന്നുവിത്. ഈ സീസണിൽ ഇതുവരെ ഫ്രഞ്ച് ക്ലബിന് വേണ്ടി എല്ലാ മത്സരങ്ങളിലുമായി 20 ഗോളുകളും 20 അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരമില്ല. ഇതോടെ ഈ സീസണിൽ പിഎസ്‌ജിക്കായി 40 ഗോളുകളിൽ മെസി പങ്കാളിയായി.

ഓക്സെയറിനെതിരായ അസിസ്റ്റ് ഫുട്‌ബോൾ മിശിഹയുടെ കരിയറിലെ മറ്റൊരു വലിയ നാഴികക്കല്ല് കൂടിയായി. ക്ലബ് കരിയറിൽ ആകെ 300 അസിസ്റ്റുകളാണ് താരം പൂർത്തിയാക്കിയത്. ഈ സീസണിൽ ഇതുവരെ നേടിയ 20 ഗോളുകളിൽ 15 എണ്ണം പിറന്നത് ലീഗ് വണ്ണിലും നാലെണ്ണം ചാമ്പ്യൻസ് ലീഗിലുമായിരുന്നു. ഫ്രഞ്ച് കപ്പിലും മെസി പിഎസ്‌ജിക്കായി ഒരു ഗോൾ നേടി. ഫ്രഞ്ച് ലീഗിലെ 16 അസിസ്റ്റുകളും ചാമ്പ്യൻസ് ലീഗിലെ നാല് അസിസ്റ്റുകളുമടക്കമാണ് 20 ഗോളുകൾക്ക് മെസി അവസരമൊരുക്കിയത്.

ഇതിനകം മികച്ച പ്രകടനം പുറത്തെടുത്തിട്ടും പിഎസ്‌ജിയിൽ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ സീസണിന്‍റെ അവസാനത്തിൽ കരാർ പൂർത്തിയാകുന്ന സാഹചര്യത്തിൽ മെസി പിഎസ്‌ജി വിടുമെന്നാണ് റിപ്പോർട്ടുകൾ. 2021ൽ പിഎസ്‌ജിയിലെത്തിയ മെസി ആദ്യ സീസണിൽ തന്നെ ഫ്രഞ്ച് ലീഗ് കിരീടം നേടിയിരുന്നു. ഇത്തവണയും ലീഗ് വൺ കിരീട വിജയത്തിന് അരികിലാണ് ഫ്രഞ്ച് വമ്പൻമാർ. ലീഗിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്‍റ് കൂടി നേടിയാൽ പിഎസ്‌ജിക്ക് ജേതാക്കളാകാം. ഇതോടെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പാരിസ് ക്ലബ്ബിനോട് വിട പറയാൻ മെസിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

താരത്തിനെതിരെ പിഎസ്‌ജി ആരാധകരും വളരെ രൂക്ഷമായിട്ടാണ് പെരുമാറുന്നത്. മത്സരത്തിനിടെ കൂകിവിളിച്ചും കളിയാക്കിയുമാണ് ആരാധകർ മെസിക്കെതിരായ രോഷം പ്രകടിപ്പിക്കുന്നത്. എന്നാൽ മെസിക്കെതിരായ ആരാധകരുടെ രൂക്ഷമായ ആക്രമണങ്ങൾക്കെതിരെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മെസിയെ ചീത്തവിളിക്കുന്നത് അവസാനിപ്പിക്കാനായി പിഎസ്‌ജി നായകൻ മാർക്വിഞ്ഞോസ് ആരാധകരോട് അഭ്യർഥിച്ചിരുന്നു.

ഓക്സെയറിനെതിരായ മത്സരത്തിൽ ഒന്നിനെതിരായ രണ്ട് ഗോളുകൾക്കാണ് പിഎസ്‌ജി ജയം പിടിച്ചത്. മത്സരം ആരംഭിച്ച് എട്ട് മിനിറ്റിനുള്ളിൽ എംബാപ്പെ നേടിയ ഇരട്ടഗോളുകളാണ് ജയം ഉറപ്പിച്ചത്. രണ്ട് മിനിറ്റ് 14 സെക്കൻഡുകൾക്കിടയാണ് എംബാപ്പെ ഇരട്ടവെടി പൊട്ടിച്ചത്. ഫ്രഞ്ച് താരത്തിന്‍റെ കരിയറിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബ്രേസായിരുന്നു അത്.

2022 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്‍റിനയ്‌ക്കെതിരെയായിരുന്നു താരത്തിന്‍റെ ഏറ്റവും വേഗതയേറിയ ബ്രേസ്. ഫൈനലിൽ ഒരു മിനിറ്റ് 35 സെക്കൻഡിലാണ് രണ്ട് ഗോളുകൾ സ്കോർ ചെയ്‌തത്. 2012ൽ മാഴ്‌സെയ്‌ക്കെതിരെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഒരു മിനിറ്റ് 53 സെക്കൻഡിനിടയിൽ നേടിയതാണ് ഒരു പിഎസ്‌ജി താരത്തിന്‍റെ ഏറ്റവും വേഗമേറിയ ഇരട്ട ഗോൾനേട്ടം.

Last Updated : May 23, 2023, 11:41 AM IST

ABOUT THE AUTHOR

...view details