പാരിസ്:സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും നെയ്‌മറും ക്ലബില്‍ തുടരുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കെ മുന്നേറ്റ നിരയിലേക്ക് പുതിയ താരത്തെ എത്തിച്ച് ഫ്രഞ്ച് സൂപ്പര്‍ ക്ലബ് പാരിസ് സെന്‍റ് ജെർമെയ്‌ന്‍ (പിഎസ്‌ജി). സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഫ്രഞ്ച് ഫോര്‍വേഡ് ഉസ്‌മാൻ ഡെംബെലെയെയാണ് (Ousmane Dembele) പിഎസ്‌ജി റാഞ്ചിയത്. 50.4 മില്യൺ യൂറോ (458 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ട്രാന്‍സ്‌ഫര്‍ ഫീ. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.
പാരിസിന്‍റെ പ്രാന്തപ്രദേശമായ വെർനോണിൽ ജനിച്ച 26-കാരനായ ഡെംബെലെ റെനൈസ് യൂത്ത് അക്കാദമിയിലൂടെയാണ് വളര്‍ന്നത്. 2016-17 സീസണിന് ശേഷം ജര്‍മന്‍ ക്ലബായ ബോറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നുമാണ് താരം ബാഴ്‌സലോണയില്‍ എത്തുന്നത്. അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പകരക്കാരനെന്ന നിലയിലായിരുന്നു ഉസ്‌മാൻ ഡെംബെലെയെ സ്‌പാനിഷ് വമ്പന്മാര്‍ തൂക്കിയത്.
147 മില്യണ്‍ യൂറോയായിരുന്നു ബാഴ്‌സ ഡെംബെലെയ്‌ക്കായി മുടക്കിയത്. സ്‌പാനിഷ് ക്ലബിനൊപ്പമുള്ള തുടക്കത്തില്‍ പരിക്ക് വലച്ചിരുന്നുവെങ്കിലും, പിന്നീട് ടീമിന്‍റെ പ്രധാനിയായി താരം വളര്‍ന്നു. വേഗവും പ്ലേ മെയ്‌ക്കിങ് മികവുമാണ് ഡെംബെലെയെ വേറിട്ട് നിര്‍ത്തിയത്.
ബാഴ്‌സലോണയ്‌ക്കായി 185 മത്സരങ്ങളിൽ നിന്നും 62 ഗോളുകളാണ് ഫ്രഞ്ച് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. ടീമിന്‍റെ മൂന്ന് സ്പാനിഷ് ലീഗ് വിജയത്തിലും രണ്ട് കോപ്പ ഡെൽ റേ കിരീട നേട്ടത്തിലും താരം പ്രധാനിയായിട്ടുണ്ട്. ലാ ലിഗയുടെ നിയമം പാലിക്കുന്നതിനായി കടം കുറയ്ക്കുന്നതിനും കളിക്കാരുടെ വേതനഭാരം കുറയ്ക്കുകയും ചെയ്യേണ്ടി വന്നതിനാലാണ് ബാഴ്‌സ സൂപ്പര്‍ വിങ്ങറെ കയ്യൊഴിഞ്ഞത്.