പാരിസ്: മിന്നും ജയത്തോടെ ഫ്രഞ്ച് ലീഗ് സീസണിന് തുടക്കമിട്ട് പി എസ് ജി. ക്ലെമൗണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ടഗോളും അസിസ്റ്റുമായി ലയണൽ മെസിയും, ഒരു ഗോളും മൂന്ന് അസിസ്റ്റുമായി തിളങ്ങിയ നെയ്‌മറുമാണ് നിലവിലെ ലീഗ് വൺ ജേതാക്കൾക്ക് മികച്ച ജയം സമ്മാനിച്ചത്.
ഒമ്പതാം മിനുറ്റിൽ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ലയണൽ മെസിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച നെയ്‌മർ വല കുലുക്കുകയായിരുന്നു. നെയ്‌മറിന്‍റെ ഫ്രഞ്ച് ലീഗിലെ 70-ാം ഗോളായിരുന്നു ഇത്.
ഒരു ഗോൾ കണ്ടെത്തിയ നെയ്‌മർ പിന്നീട് മൂന്ന് ഗോളുകൾക്കാണ് അവസരമൊരുക്കിയത്. 26-ാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നും നെയ്‌മറിന്‍റെ പാസിൽ നിന്നും അഷ്‌റഫ് ഹകീമി പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി. 38-ാം മിനുറ്റിൽ മാർകിന്യോസിന്‍റെ ഗോളിനും അവസരമൊരുക്കി. നെയ്‌മറിന്‍റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മാർകിന്യോസിന്‍റെ ഗോൾ.
80-ാം മിനുറ്റിൽ നെയ്‌മർ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് മെസിയും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. 87-ാം മിനുറ്റിൽ മെസിയുടെ രണ്ടാം ഗോൾ വന്നു. മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. മൈതാനത്തിന്‍റെ മധ്യഭാഗത്തിനരികിൽ നിന്നും ക്ലെമൗണ്ട് പ്രതിരോധത്തിന് മുകളിലൂടെ ലിയനാഡ്രോ പെരഡസ് നീട്ടി നൽകിയ പാസിൽ നിന്നായിരുന്നു മനോഹരമായ ഗോൾ പിറന്നത്. പ്രതിരോധ നിരയെ കാഴ്‌ചക്കാരാക്കി ബോക്‌സിലേക്ക് ഉയർന്നുവന്ന പന്ത് നെഞ്ചിൽ സ്വീകരിച്ച മെസി ആക്രൊബാറ്റിക്ക് ഫിനിഷിലൂടെ ഗോൾ വല കുലുക്കുകയായിരുന്നു.