പാരീസ് : ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിൽ ഗംഭീര ജയം. ഇന്ന് ബോർഡക്‌സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി വിജയിച്ചത്. തുടക്കത്തിൽ തന്നെ എംബാപ്പെയാണ് പി.എസ്.ജിക്കായി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ നെയ്‌മർ ലീഡ് ഇരട്ടിയാക്കി. 61-ാം മിനിട്ടിൽ പരെഡസ് മൂന്നാം ഗോൾ നേടിയതോടെ പി.എസ്.ജി ജയമുറപ്പിച്ചു. 28 മത്സരങ്ങളിൽ 65 പോയിന്‍റുമായി ലീഗിൽ ബഹുദൂരം മുന്നിലാണ് പി.എസ്.ജി.
മെസിക്കും നെയ്‌മറിനും പി.എസ്.ജി ആരാധകരുടെ കൂവല്‍
റയൽ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷമുള്ള പിഎസ്‌ജിയുടെ ആദ്യ മത്സരത്തിൽ ലയണൽ മെസിയെയും സഹതാരം നെയ്‌മറിനെയും കൂവി ഒരു വിഭാഗം പിഎസ്‌ജി ആരാധകർ. ജയത്തിനിടയിലും മെസിയും നെയ്‌മറും ആരാധകരുടെ കൂവലിന് ഇരകളായത് പി.എസ്.ജി ടീമിനെയും ബോർഡിനെയും നിരാശയിലാക്കുന്നതാണ്.
വൻ സൈനിംഗുകൾ നടത്തിയിട്ടും പിഎസ്‌ജിയുടെ യൂറോപ്പിലെ റെക്കോർഡ് മോശമായി തുടരുന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്നുണ്ട്. മെസിക്കും നെയ്‌മറിനും ലഭിച്ച ആരാധക പ്രതികരണത്തിൽ നിന്ന് വിഭിന്നമായിരുന്നു എംബാപ്പെക്ക് ലഭിച്ചത്. താരം പന്ത് തൊടുമ്പോഴെല്ലാം പിഎസ്‌ജി ആരാധകരിൽ നിന്ന് ആർപ്പുവിളിയും കരഘോഷവും ഉയർന്നു.
മെസിയാണ് കൂടുതൽ സമയം കൂവല്‍ നേരിട്ടത്. മെസിയുടെ കരിയറിൽ ഇതാദ്യമായാണ് സ്വന്തം ആരാധകരില്‍ നിന്ന് കൂവലുണ്ടാകുന്നത്.
ALSO READ:പ്രീമിയര്‍ ലീഗില്‍ വമ്പൻമാർ കളത്തിലിറങ്ങും ; ആഴ്‌സനൽ ലെസ്റ്ററിനെയും ചെൽസി ന്യൂകാസിലിനെയും നേരിടും