പാരീസ്:ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന ബാലണ്‍ ദ്യോർ പുരസ്‌കാരം ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പേരിലാണ്. ഐതിഹാസികമായ കരിയറില്‍ എട്ട് തവണയാണ് മെസി ബാലണ്‍ ദ്യോർ പുരസ്‌കാരം നേടിയിട്ടുള്ളത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു താരത്തിന്‍റെ പുരസ്‌കാര നേട്ടം.
ഇതില്‍ 2021-ലെ മെസിയുടെ പുരസ്‌കാര നേട്ടവുമായി ബന്ധപ്പെട്ട് നിലവില്‍ വിവാദം ഉയര്‍ന്നിരിക്കുകയാണ്. മെസിയ്‌ക്ക് ബാലണ്‍ ദ്യോർ പുരസ്‌കാരം ലഭിക്കുന്നതിനായി താരത്തിന്‍റെ അന്നത്തെ ക്ലബായിരുന്ന പാരീസ് സെന്‍റ് ജെർമെയ്ൻ വഴിവിട്ട കളികള്‍ നടത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (PSG accused of trying to influence Ballon d'Or outcome in favour of Lionel Messi). ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍റെ അന്നത്തെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന പാസ്‌കല്‍ ഫെറെയെ സ്വാധീനിക്കാന്‍ പിഎസ്‌ജി അധികൃതര്‍ ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
2020ലും 2021ലും ഫ്രാൻസ് ഫുട്ബോൾ മാഗസിന്‍റെ ചുമതലയിലായിരിക്കുമ്പോൾ തന്നെ പിഎസ്‌ജിയിൽ നിന്ന് നിരവധി സമ്മാനങ്ങള്‍ പാസ്‌കല്‍ ഫെറെ കൈപ്പറ്റി. പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ അരങ്ങേറിയ വിവിധ മത്സരങ്ങള്‍ക്കായുള്ള വിഐപി ടിക്കറ്റുകള്‍, ടീമിന്‍റെ ഔദ്യോഗിക സ്‌പോൺസർമാരായ ഖത്തർ എയർവെയ്‌സില്‍ ബിസിനസ് ക്ലാസ് യാത്ര തുടങ്ങിയ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിഎസ്‌ജി മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജീന്‍ മാര്‍ഷ്യല്‍ റൈബ്‌സിനെതിരെയാണ് പ്രാഥമികാന്വേഷണം നടക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി പാസ്‌കല്‍ ഫെറെ രംഗത്ത് എത്തി. ആ വര്‍ഷം താന്‍ വോട്ട് ചെയ്‌തത് മെസിക്കായിരുന്നില്ലെന്നും പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കിയ്‌ക്കാണെന്നും ഫെറെ പ്രതികരിച്ചു. ആ വര്‍ഷത്തെ ബാലണ്‍ ദ്യോർ ലെവൻഡവ്സ്‌കിയ്‌ക്ക് ലഭിക്കുമെന്ന് വലിയ സംസാരമുയര്‍ന്നിരുന്നു. എന്നാല്‍ ലെവൻഡവ്സ്‌കിയെ മറികടന്ന് മെസി പുരസ്‌ക്കാരം സ്വന്തമാക്കുകയായിരുന്നു.