കേരളം

kerala

ETV Bharat / sports

Premier League| എവര്‍ട്ടണെ വീഴ്‌ത്തി കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍, വൂള്‍വ്‌സിനെ തകര്‍ത്ത് ലിവര്‍പൂള്‍ - ഗബ്രിയേടല്‍ മാര്‍ട്ടിനെല്ലി

ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഇരട്ടഗോളടിച്ച മത്സരത്തില്‍ എവര്‍ട്ടണെ ആഴ്‌സണല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

Etv Bharat
Etv Bharat

By

Published : Mar 2, 2023, 10:43 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പീരങ്കിപ്പട തകര്‍ത്തത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോളും ബുക്കായോ സാക്ക, മാർട്ടിൻ ഒഡെഗാർഡ് എന്നിവരുടെ ഗോളുമാണ് ആഴ്‌സണലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

ഇതോടെ ആഴ്‌സണലിന് ലീഗിലെ 25 മത്സരങ്ങളില്‍ നിന്ന് 60 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ച് പോയിന്‍റ് മുന്നിലാണ് നിലവില്‍ പീരങ്കിപ്പട. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 24 മത്സരങ്ങളില്‍ നിന്നും 49 പോയിന്‍റാണുള്ളത്.

എവര്‍ട്ടണിനെതിരെ ആഴ്‌സണല്‍ കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ 40-ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബുക്കായോ സാക്കയായിരുന്നു ഗോള്‍ സ്‌കോറര്‍. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ ഒന്നാം പകുതിയുടെ വിസില്‍ മുഴങ്ങും മുന്‍പ് തന്നെ ആതിഥേയര്‍ ലീഡുയര്‍ത്തി.

ഇത്തവണ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് പന്ത് എവര്‍ട്ടണിന്‍റെ വലയിലെത്തിച്ചത്. ഇതോടെ രണ്ട് ഗോളിന്‍റെ ലീഡുമായി ആഴ്‌സണല്‍ ഒന്നാം പകുതി അവസാനിപ്പിച്ചു. 71-ാം മിനിട്ടിലാണ് പീരങ്കിപ്പട മൂന്നാം ഗോളടിച്ചത്.

മധ്യനിര താരം മാർട്ടിൻ ഒഡെഗാർഡിന്‍റെ വകയായിരുന്നു ഈ ഗോള്‍. തൊട്ടുപിന്നാലെ 80-ാം മിനിട്ടില്‍ ആഴ്‌സണല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. മാര്‍ട്ടിനെല്ലിയുടെ രണ്ടാം ഗോളായിരുന്നു ഇത്. മാര്‍ച്ച് നാലിന് ബോണ്‍മൗത്തിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്‍റെ അടുത്ത മത്സരം.

രണ്ടടിച്ച് ലിവര്‍പൂള്‍ ജയം: ലീഗിലെ 24-ാം മത്സരത്തില്‍ വൂള്‍വ്‌സിനെ വീഴ്‌ത്തി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്തി. ആന്‍ഫീല്‍ഡ് വേദിയായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെമ്പട പോയിന്‍റ് പട്ടികയിലെ 15-ാം സ്ഥാനരക്കാരെ തോല്‍പ്പിച്ചത്. വിര്‍ജില്‍ വാന്‍ ഡിക്, മൊഹമ്മദ് സാല എന്നിവരുടെ ഗോളിനായിരുന്നു ലിവര്‍പൂള്‍ വിജയക്കൊടി പാറിച്ചത്. ജയത്തോടെ ലിവര്‍പൂളിന് 39 പോയിന്‍റായി.

ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. തുടക്കം മുതലൊരുക്കിയ മികച്ച അവസരങ്ങള്‍ ലിവര്‍പൂളിന് ഗോളാക്കി മാറ്റാന്‍ സാധിച്ചിരുന്നില്ല. 67-ാം മിനിട്ടില്‍ നൂനസ് പന്ത് വൂള്‍വ്‌സിന്‍റെ വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് ലിവര്‍പൂള്‍ ആദ്യ ഗോളടിച്ചത്. 71-ാം മിനിട്ടിലായിരുന്നു വാന്‍ ഡിക് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. ആന്‍ഫീല്‍ഡില്‍ ഈ ഗോളിന്‍റെ ആഘോഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ സാലയിലൂടെ ആതിഥേയര്‍ വീണ്ടും ലക്ഷ്യം കണ്ടു.

മത്സരത്തിന്‍റെ 76-ാം മിനിട്ടിലാണ് ലിവര്‍പൂളിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. അവസാന നിമിഷങ്ങളില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും രണ്ട് ടീമിന്‍റെയും ഭാഗത്ത് നിന്നുമുണ്ടായില്ല. ഒടുവില്‍ ആന്‍ഫീല്‍ഡില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് സീസണിലെ 11-ാം ജയം സ്വന്തമാക്കി.

മാര്‍ച്ച് 5-ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം. ആന്‍ഫീല്‍ഡിലാണ് ഈ പോരാട്ടം.

Also Read:പിന്നില്‍ നിന്ന് തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ്‌ഹാമിനെ തകര്‍ത്ത് എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍

ABOUT THE AUTHOR

...view details