കേരളം

kerala

ETV Bharat / sports

തോല്‍വിയുടെ ക്ഷീണം മാറ്റി സിറ്റി, ലീഡ്‌സിനെ വീഴ്‌ത്തി യുണൈറ്റഡ് ; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം

മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍വില്ലയെ 3-1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ലീഡ്‌സിനെയുമാണ് തോല്‍പ്പിച്ചത്

premire league  manchester city  manchester united  aston villa  leeds  epl  epl results  മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം  മാഞ്ചസ്റ്റര്‍ സിറ്റി  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ആസ്റ്റണ്‍ വില്ല  മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ല  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ്  ലീഡ്‌സ് യുണൈറ്റഡ്  മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്
epl

By

Published : Feb 13, 2023, 8:47 AM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് വിജയം. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ കീഴടക്കിയപ്പോള്‍ എവേ മത്സരത്തില്‍ ലീഡ്‌സിനെതിരെയാണ് യുണൈറ്റഡ് വിജയിച്ചത്. ജയത്തോടെ ലീഗില്‍ സിറ്റിക്ക് 48 ഉം യുണൈറ്റഡിന് 46ഉം പോയിന്‍റായി.

ആസ്റ്റണ്‍ വില്ലയെ 3-1 എന്ന സ്‌കോറിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. യുണൈറ്റഡ് ലീഡ്‌സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചുകയറുകയായിരുന്നു.

വിജയവഴിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി :ടോട്ടന്‍ഹാമിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റി വിജയവഴിയില്‍ തിരികെയെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റണ്‍ വില്ലയെ നേരിടാന്‍ പെപ്പ് ഗാര്‍ഡിയോളയുടെ സംഘം എത്തിഹാദ് മൈതാനിയില്‍ ഇറങ്ങിയത്. അതുകൊണ്ട് തന്നെ മത്സരത്തിന്‍റെ തുടക്കം മുതല്‍ സിറ്റി മികച്ച നീക്കങ്ങളിലൂടെ എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തി. മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ആദ്യ ഗോള്‍ നേടി ലീഡ് സ്വന്തമാക്കാന്‍ സിറ്റിക്കായി.

ആദ്യം ലഭിച്ച കോര്‍ണര്‍ തന്നെ സിറ്റി ക്യത്യമായി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഹെഡറിലൂടെ റോഡ്രിയാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. തുടര്‍ന്നും സിറ്റി താരങ്ങള്‍ ആസ്റ്റണ്‍ വില്ല ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ പ്രതിരോധത്തിലാക്കിക്കൊണ്ടേയിരുന്നു.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ സിറ്റി മത്സരത്തിന്‍റെ 39-ാം മിനിട്ടില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ മധ്യനിരതാരം ഗുണ്ടോഗന്‍റെ വകയായിരുന്നു ഗോള്‍. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലീഡ് വീണ്ടുമുയര്‍ത്താന്‍ സിറ്റിക്ക് അവസരമൊരുങ്ങി.

മുന്നേറ്റനിര താരം ജാക്ക് ഗ്രീലിഷിനെ ബോക്സിനുള്ളില്‍ ആസ്റ്റണ്‍ വില്ല താരം വീഴ്‌ത്തിയതിന് സിറ്റിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. മാര്‍ട്ടിനെസിന് പന്ത് പിടികൂടാന്‍ ഒരു അവസരവും നല്‍കാതെ മഹ്‌റെസ് ടീമിന് ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ചു. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി മാഞ്ചസ്റ്റര്‍ സിറ്റി 3 ഗോള്‍ ലീഡുമായാണ് കളിയവസാനിപ്പിച്ചത്.

രണ്ടാം പകുതിയിലും സിറ്റി ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. എന്നാല്‍ മത്സരത്തിന്‍റെ 61-ാം മിനിട്ടിലാണ് ആസ്റ്റണ്‍ വില്ല തങ്ങളുടെ ആശ്വാസഗോള്‍ നേടിയത്. മുന്നേറ്റനിരതാരം ഒലീ വാട്‌കിന്‍സായിരുന്നു ഗോള്‍ സ്‌കോറര്‍.

ഗോളടി തുടര്‍ന്ന് റാഷ്‌ഫോര്‍ഡ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലീഡ്‌സ് യുണൈറ്റഡ് മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു കൂട്ടര്‍ക്കുമായിരുന്നില്ല. മത്സരത്തിന്‍റെ 80-ാം മിനിട്ടിലാണ് യുണൈറ്റഡ് ആദ്യ ഗോള്‍ നേടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡായിരുന്നു ഗോള്‍ സ്വന്തമാക്കിയത്. ഷാ നല്‍കിയ ക്രോസിന് കൃത്യമായി തലവെച്ച റാഷ്‌ഫോര്‍ഡ് അത് ഗോളാക്കി മാറ്റുകയായിരുന്നു. ഈ സീസണില്‍ റാഷ്ഫോര്‍ഡ് നേടുന്ന 12-ാം ഗോളായിരുന്നു ഇത്.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്

തുടര്‍ന്ന് 85-ാം മിനിട്ടിലാണ് മത്സരത്തിലെ രണ്ടാം ഗോള്‍ ചുവന്ന ചെകുത്താന്മാര്‍ സ്വന്തമാക്കിയത്. ഇത്തവണ അലെജാന്‍ഡ്രോ ഗാര്‍നാച്ചോയുടെ വകയായിരുന്നു ഗോള്‍. തിരിച്ചടിക്കാന്‍ ലീഡ്‌സ് ശ്രമിച്ചെങ്കിലും പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു.

ABOUT THE AUTHOR

...view details