മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ഒന്നാം സ്ഥാനം തിരികെപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ്‌ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയത്തോടെയാണ് പോയിന്‍റ് ടേബിളിൽ ആഴ്‌സണലിനെ മറികടന്നത്. മാഞ്ചസ്റ്റർ സിറ്റിക്കായി നഥാൻ ആക്കെ, ഏർലിങ് ഹാലണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി.
കെവിൻ ഡി ബ്രുയിൻ ഇല്ലാതെ ഇറങ്ങിയ സിറ്റി ആദ്യ പകുതിയിൽ ഗോളൊന്നും നേടിയില്ല. കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും വെസ്റ്റ് ഹാം പ്രതിരോധം മറികടക്കാനായില്ല. ഫാബിയാൻസ്‌കിയുടെ സേവുകളാണ് ആദ്യപകുതി ഗോൾരഹിതമായി അവസാനിപ്പിച്ചത്.
ആദ്യ പകുതിയിൽ വെസ്റ്റ് ഹാം ഉജ്ജ്വലമായി പ്രതിരോധിച്ചുവെങ്കിലും ഇടവേളയ്ക്ക് തൊട്ടുപിന്നാലെ ഗോൾ വഴങ്ങി. മഹ്‌റെസ് ബോക്‌സിലേക്ക് ഉയർത്തിനൽകിയ ഫ്രീകിക്കിൽ നിന്നും ഹെഡറിലൂടെ നഥാൻ ആക്കെയാണ് വലകുലുക്കിയത്.
70-ാം മിനിറ്റിൽ സിറ്റി ലീഡുയർത്തി. ഇത്തവണ ഗ്രീലിഷ് നൽകിയ പാസിൽ നിന്ന് ഹാലണ്ടാണ് ലക്ഷ്യം കണ്ടത്. ഇതോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 35 ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി. ആൻഡ്രൂ കോൾ, അലൻ ഷിയറർ എന്നിവരുടെ 34 ഗോളുകളുടെ റെക്കോഡാണ് മറികടന്നത്.
ജൂലിയൻ അൽവരാസിന് പകരക്കാരനായി ഇറങ്ങിയ ഫിൽ ഫോഡനാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 77 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമതായി. ഒരു മത്സരം കൂടുതൽ കളിച്ച ആഴ്‌സണൽ 76 പോയിന്‍റുമായി രണ്ടാമതാണ്.
ആദ്യ നാലിൽ ഇടം പിടിക്കാൻ ലിവർപൂൾ: പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ലിവർപൂളിന് ജയം. ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി നിലനിർത്താൻ ലിവർപൂളിന് ജയം അനിവാര്യമായിരുന്നു. 39-ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്‍റെ പെനാൽട്ടി ഗോളിന്‍റെ ബലത്തിലാണ് നിർണായകമായ മൂന്ന് പോയിന്‍റ് നേടിയത്.
ജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റുള്ള ലിവർപൂൾ അഞ്ചാമതാണ്. നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ നാല് പോയിന്‍റ് മാത്രം പിറകിൽ. രണ്ട് മത്സരങ്ങൾ കുറച്ച് യുണൈറ്റഡിന് 63 പോയിന്‍റാണുള്ളത്. ഈ തോൽവിയോടെ ഫുൾഹാം 45 പോയിന്‍റുമായി പത്താമത് തുടരുന്നു.