ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ (Premier League) ടോട്ടന്‍ഹാമിനും (Tottenham) ന്യൂകാസില്‍ യുണൈറ്റഡിനും (Newcastle United) തോല്‍വി. പോയിന്‍റ് പട്ടികയില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള വെസ്റ്റ്ഹാമും (West Ham) എവര്‍ട്ടണുമാണ് (Everton) ഇരു ടീമുകളെയും പരാജയപ്പെടുത്തിയത്. ലീഗില്‍ ടോട്ടന്‍ഹാമിന്‍റെ നാലാമത്തെയും ന്യൂകാസിലിന്‍റെ അഞ്ചാമത്തെയും തോല്‍വിയാണിത്.
തകര്‍ന്നടിഞ്ഞ് ടോട്ടന്‍ഹാം:ഇന്ന് (ഡിസംബര്‍ 8) പുലര്‍ച്ചെ ഹോട്‌സ്‌പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം തോല്‍വി വഴങ്ങിയത് (Tottenham vs West Ham Match Result). ജാറഡ് ബോവന്‍ (Jarrod Bowen), ജെയിംസ് വാര്‍ഡ് പ്രൗസ് (James Ward-Prowse) എന്നിവരുടെ ഗോളുകളാണ് വെസ്റ്റ്ഹാമിന് ജയം സമ്മാനിച്ചത്. ക്രിസ്റ്റ്യന്‍ റൊമേറോവായിരുന്നു ടോട്ടന്‍ഹാമിന്‍റെ ഗോള്‍ സ്കോറര്‍.
പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം വെസ്റ്റ്ഹാമിനേക്കാള്‍ മുന്നിട്ടുനിന്നത് ആതിഥേയരായ ടോട്ടന്‍ഹാമായിരുന്നു. ആദ്യ വിസില്‍ മുതല്‍ തന്നെ അവര്‍ വെസ്റ്റ്ഹാം നിരയെ പ്രതിരോധത്തിലാക്കി. തുടക്കത്തിലെ തുടര്‍ച്ചയായ നീക്കങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 11-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡും പിടിച്ചു.
പോറോ നല്‍കിയ പാസില്‍ നിന്നാണ് ക്രിസ്റ്റ്യന്‍ റൊമേറോ ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും ടോട്ടന്‍ഹാം ഗോള്‍ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍, ആദ്യ പകുതിയില്‍ പിന്നീട് ലീഡ് ഉയര്‍ത്താന്‍ അവര്‍ക്കായില്ല.