ലണ്ടന്‍ :പ്രീമിയര്‍ ലീഗില്‍ (Premier League) തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ടോട്ടന്‍ഹാം (Tottenham). തങ്ങളുടെ സ്വന്തം തട്ടകത്തില്‍ ആസ്റ്റണ്‍ വില്ലയാണ് സ്‌പര്‍സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല ജയം പിടിച്ചത് (Tottenham vs Aston Villa Match Result).
ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചായ രണ്ടാമത്തെ ജയമാണിത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിനുള്ളില്‍ കടക്കാനും അവര്‍ക്കായി. അതേസമയം, നേരത്തെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടന്‍ഹാം തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വി വഴങ്ങിയതോടെ അഞ്ചാം സ്ഥാനത്തേക്കും വീണു (Premier League Points Table).
ടോട്ടന്‍ഹാമിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളിലെല്ലാം സന്ദര്‍ശകരായ ആസ്റ്റണ്‍ വില്ലയെ വിറപ്പിക്കാന്‍ സ്‌പര്‍സിന് സാധിച്ചു. ഗോളിന് വേണ്ടി മത്സരത്തിന്‍റെ തുടക്കം മുതല്‍ സ്‌പര്‍സ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടത് മത്സരത്തിന്‍റെ 22-ാം മിനറ്റില്‍.
മധ്യനിരതാരം ജിയോവനി ലോ സെല്‍സോയാണ് (Giovani Lo Celso) ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. പോറോയുടെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ആതിഥേയര്‍ ലീഡ് പിടിച്ചത്. ആദ്യ പകുതിയുടെ നിശ്ചിത സമയത്തുടനീളം ഈ ഗോളിന്‍റെ കരുത്തില്‍ ലീഡ് നിലനിര്‍ത്താന്‍ ടോട്ടന്‍ഹാമിനായി.