മാഞ്ചസ്റ്റർ:പ്രീമിയർ ലീഗിൽ ക്ലാസിക്ക് പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ടോട്ടൻഹാം. തോൽവി അറിയാതെ 15 മത്സരങ്ങളുമായി സ്പെർസിനെ സ്വന്തം മൈതാനത്ത് നേരിട്ട ചാമ്പ്യന്മാർക്ക് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നു. തുടർച്ചയായ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങൾ തോറ്റു വന്ന ടോട്ടൻഹാമിനെ സിറ്റി അനായാസം പരാജയപ്പെടുത്തുമന്ന് പ്രതീക്ഷിച്ച മത്സരത്തിലാണവർ ഗംഭീര പ്രകടനം നടത്തിയത്.
സീസണിലെ ആദ്യ മത്സരത്തിൽ സിറ്റിയെ വീഴ്ത്തിയ ടോട്ടൻഹാം ഇത്തവണയും ജയമാവർത്തിച്ചു. മിക്കസമയവും പന്ത് കൈവശം വെച്ച സിറ്റിയെ കൗണ്ടർ അറ്റാക്കിലൂടെയാണ് ടോട്ടനം നേരിട്ടത്.
മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ സ്പെർസ് മുന്നിലെത്തി. സിറ്റി പ്രതിരോധം പൊളിച്ച് സൺ നടത്തിയ നീക്കത്തിന് ഒടുവിൽ കുലുസെവ്സ്‌കി ആദ്യ ഗോൾ നേടി. ടോട്ടൻഹാമിന് വേണ്ടി സ്വീഡിഷ് താരത്തിന്‍റെ ആദ്യ ഗോൾ ആയിരുന്നു ഇത്. സമനിലക്കയി തുടരാക്രമണം നടത്തുന്ന മാഞ്ചസ്റ്റർ സിറ്റിയെയാണ് കാണാനായത്. തുടരാക്രമണത്തിന്‍റെ ഫലമായി 33-ാം മിനിറ്റിൽ സ്‌റ്റെർലിങ്ന്‍റെ ഷോട്ട് രക്ഷപ്പെടുത്തുന്നതിൽ സ്പെർസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന് പിഴച്ചപ്പോൾ ലഭിച്ച റീബൗണ്ടിൽ നിന്നും ഗുണ്ട്വാൻ സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിലും സിറ്റി മേധാവിത്വമാണ് കാണാനായത്. എന്നാൽ മത്സരത്തിന്‍റെ ഗതിക്ക് വിപരീതമായി 59-ാം മിനിറ്റിൽ സോണിന്‍റെ മനോഹരമായ ക്രോസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഹാരി കെയിൻ സ്പെർസിനെ ഒരിക്കൽ കൂടി മുന്നിലെത്തിച്ചു. 73-ാം മിനിറ്റിൽ ഹാരി കെയിൻ ടോട്ടൻഹാമിനെ 3-1 നു മുന്നിലെത്തിച്ചെങ്കിലും വാർ ഓഫ് സൈഡ് വിധിച്ചു. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ആക്രമണ ഫുട്‌ബോൾ കാഴ്‌ചവെച്ച ഇരു ടീമുകളും ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചു.