ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്‌സണലിനെ തകർത്ത് ടോട്ടനം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടോട്ടനം വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോൾ നേടിയ ഹാരി കെയ്‌നിന്‍റെ മികവിലാണ് ടീം തകർപ്പൻ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ടോട്ടനത്തിന് തന്നെയായിരുന്നു.
മത്സരത്തിന്‍റെ 22-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്‌നാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ 37-ാം മിനിറ്റിൽ താരം രണ്ടാം ഗോൾ സ്വന്തമാക്കി ലീഡ് വർധിപ്പിച്ചു. ഇതിനിടെ റോബ് ഹോൾഡിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ആഴ്‌സണലിന് തിരിച്ചടിയായി.
പിന്നാലെ രണ്ടാം പകുതിയിൽ 47-ാം മിനിട്ടിൽ സണ്‍ ഹ്യൂങ് മിൻ മൂന്നാം ഗോൾ നേടി ടോട്ടനത്തിന്‍റെ വിജയം ഉറപ്പിച്ചു. മറുപടി ഗോളുകൾ നേടാൻ ആഴ്‌സണൽ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തിക്കാൻ സാധിച്ചില്ല.
ALSO READ:La Liga: ഗോളിലാറാടി റയല്‍, ലെവന്‍റെയെ തകർത്തത് എതിരില്ലാത്ത ആറ് ഗോളുകൾക്ക്
നിലവിൽ പോയിന്‍റ് പട്ടികയിൽ 36 മത്സരങ്ങളിൽ നിന്ന് 66 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ. 36 മത്സരങ്ങളിൽ നിന്ന് തന്നെ 65 പോയിന്‍റുള്ള ടോട്ടനം ആഴ്‌സണലിന് തൊട്ടുതാഴെ അഞ്ചാം സ്ഥാനത്തുണ്ട്. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 89 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.