ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളിന്‍റെ വിജയവഴിയില്‍ തിരിച്ചെത്തി ആഴ്‌സണല്‍ (Arsenal). ലീഗിലെ പത്താം റൗണ്ട് മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് (Sheffield United) പീരങ്കിപ്പട തകര്‍ത്തത്. എഡി എന്‍കെറ്റിയ (Eddie Nketiah) ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആഴ്‌സണല്‍ ജയം പിടിച്ചത്.
ജയത്തോടെ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ആഴ്‌സണലിനായി. പത്ത് മത്സരങ്ങളിലെ 7 ജയത്തോടെ 24 പോയിന്‍റാണ് ആഴ്‌സണലിനുള്ളത്. 26 പോയിന്‍റുമായി ടോട്ടന്‍ഹാമാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ 21 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.
ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ എഡി എന്‍കെറ്റിയ ആണ് ആഴ്‌സണലിനായി ഗോള്‍ വേട്ട തുടങ്ങിവച്ചത്. 28-ാം മിനിറ്റിലായുിരുന്നു മത്സരത്തില്‍ ആദ്യ ഗോളിന്‍റെ പിറവി. ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും നേടാന്‍ പീരങ്കിപ്പടയ്‌ക്ക് സാധിച്ചിരുന്നില്ല.
രണ്ടാം പകുതിയില്‍ 50, 58 മിനിറ്റുകളില്‍ ഗോളടിച്ചാണ് എന്‍കെറ്റിയ ഹാട്രിക് തികച്ചത്. 88-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഫാബിയോ വിയേര (Fabio Vieira) ആഴ്‌സണല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ തകേഹിറൊ തോമിയാസുവിലൂടെയാണ് (Takehiro tomiyasu) അവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ചെല്‍സിക്ക് വീണ്ടും തോല്‍വി:പ്രീമിയര്‍ ലീഗില്‍ ബ്രെന്‍റ്‌ഫോര്‍ഡിനോടും തോറ്റ് ചെല്‍സി (Chelsea vs Brentford). ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയമാണ് ബ്രെന്‍റ്‌ഫോര്‍ഡ് നേടിയത്. രണ്ടാം പകുതിയില്‍ ഏതന്‍ പിന്നോക്ക് (Ethan Pinnock), ബ്രയാൻ എംബ്യൂമോ (Bryan Mbeumo) എന്നിവരാണ് ബ്രെന്‍റ്‌ഫോര്‍ഡിനായി ഗോളുകള്‍ നേടിയത്.
പത്ത് മത്സരം പൂര്‍ത്തിയായപ്പോള്‍ മൂന്ന് വീതം ജയവും സമനിലയുമായി 12 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ 11-ാം സ്ഥാനത്താണ് ചെല്‍സി. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ചെല്‍സിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം, ചെല്‍സിക്കെതിരായ ജയത്തോടെ ബ്രെന്‍റ്‌ഫോര്‍ഡ് പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് എത്തി.
ന്യൂകാസിലിന് സമനിലപ്പൂട്ട്:പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരായ ന്യൂകാസില്‍ യുണൈറ്റഡിനെ (Newcastle United) സമനിലയില്‍ തളച്ച് 12-ാം സ്ഥാനത്തുള്ള വോള്‍വ്‌സ് (Wolves). മൊളിന്യൂക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ നേടിയാണ് പിരിഞ്ഞത്. 22-ാം മിനിറ്റില്‍ കാളം വില്‍സണ്‍ നേടിയ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ന്യൂകാസില്‍ യുണൈറ്റഡാണ്.
എന്നാല്‍, 36-ാം മിനിറ്റില്‍ മരിയോ ലെമിനയിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ കാളം വില്‍സണ്‍ വീണ്ടും ന്യൂകാസിലിനായി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 71-ാം മിനിറ്റില്‍ വാങ് ഹീ ചാന്‍ വോള്‍വ്‌സിനെ ന്യൂകാസിലിനൊപ്പമെത്തിക്കുകയായിരുന്നു.
Also Read :La Liga 2023 El Clasico Result: 'മാലഖ'യായി ജൂഡ് ബെല്ലിങ്‌ഹാം, എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളെ വീഴ്‌ത്തി റയല്‍ മാഡ്രിഡ്