കേരളം

kerala

ETV Bharat / sports

വില്ലന്‍, ഹീറോയായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും തോല്‍പ്പിച്ച് നോട്ടിങ്ങ്ഹാം ഫോറസ്റ്റ്

NFO vs MAN Match Result: പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി.

Premier League  NFO vs MAN  Manchester United  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
NFO vs MAN Match Result

By ETV Bharat Kerala Team

Published : Dec 31, 2023, 7:13 AM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ (Premier League) ഈ വര്‍ഷത്തെ അവസാന മത്സരം തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). എവേ മത്സരത്തില്‍ നോട്ടിങ്ങ്‌ഹാം ഫോറസ്റ്റാണ് (Nottm Forest) ചുവന്ന ചെകുത്താന്മാരെ തകര്‍ത്തത്. സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയത് (NFO vs MAN Match Result).

നിക്കോളസ് ഡൊമിംഗസും (Nicolas Dominguez), മോര്‍ഗന്‍ ഗിബ്‌സ് വൈറ്റുമാണ് മത്സരത്തില്‍ ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ (Marcus Rashford) യുണൈറ്റഡ് ആശ്വാസ ഗോളും കണ്ടെത്തി. സീസണില്‍ യുണൈറ്റഡിന്‍റെ 9-ാം തോല്‍വിയാണിത്.

സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മികച്ച അവസരങ്ങള്‍ ഒന്നും തന്നെ ഒന്നാം പകുതിയില്‍ സൃഷ്‌ടിച്ചെടുക്കാന്‍ ഇരു ടീമിനും സാധിച്ചില്ല. 64-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്.

യുണൈറ്റഡിന്‍റെ പ്രതിരോധപ്പൂട്ട് പൊളിച്ചുകൊണ്ട് നിക്കോളസ് ഡൊമിംഗസായിരുന്നു ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ, മറുപടി ഗോളിന് വേണ്ടി യുണൈറ്റഡ് ആക്രമണങ്ങള്‍ കടുപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി നോട്ടിങ്ങ്ഹാം ഫോറസ്റ്റ് ബോക്‌സിലേക്ക് യുണൈറ്റഡ് ഇരച്ചെത്തി.

78-ാം മിനിറ്റില്‍ തന്നെ അവര്‍ സമനില ഗോളും നേടി. നോട്ടിങ്ങ്ഹാം ഗോള്‍ കീപ്പര്‍ ടര്‍ണര്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു യുണൈറ്റഡിന്‍റെ പിറവി. ബോക്‌സിനുള്ളില്‍ നിന്നും ടര്‍ണര്‍ മധ്യനിര താരം ഡാനിലോയെ ലക്ഷ്യമാക്കി ഒരു പാസ് നല്‍കി.

എന്നാല്‍, ആവശ്യത്തിന് വേഗമില്ലാതിരുന്ന പാസ് ഗര്‍നാച്ചോ തട്ടിയെടുത്തു. പിന്നാലെ, റാഷ്‌ഫോര്‍ഡിന് ആ പന്ത് മറിച്ചുനല്‍കി. അവസരം കാത്തുനിന്ന യുണൈറ്റഡ് സ്ട്രൈക്കര്‍ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ പന്ത് ഗോള്‍വലയിലെത്തിച്ചു.

പിന്നാലെ, വിജയഗോള്‍ കണ്ടെത്താനായി യുണൈറ്റഡിന്‍റെ ശ്രമം. നേരത്തെ, ആതിഥേയരുടെ കഥയിലെ വില്ലനായ ഗോള്‍ കീപ്പര്‍ മാറ്റ് ടര്‍ണര്‍ അവരുടെ ഹീറോയാകുന്ന കാഴ്‌ചയായിരുന്നു പിന്നീട് സിറ്റി ഗ്രൗണ്ട് കണ്ടത്. 82-ാം മിനിറ്റില്‍ യുണൈറ്റഡിന്‍റെ തകര്‍പ്പന്‍ ഒരു ഗോള്‍ ശ്രമം ടര്‍ണര്‍ രക്ഷപ്പെടുത്തുന്നു.

അവിടെ നിന്നാണ് അവര്‍ തങ്ങളുടെ രണ്ടാം ഗോളിലേക്കുള്ള യാത്ര തുടങ്ങിയത്. ടര്‍ണര്‍ രക്ഷപ്പെടുത്തിയ പന്ത് പിടിച്ചെടുത്ത് നോട്ടിങ്ങ്‌ഹാം താരങ്ങളുടെ കൗണ്ടര്‍ അറ്റാക്ക്. ഒടുവില്‍ എലങ്കയുടെ അസിസ്റ്റില്‍ നിന്നും ഗിബ്‌സ് വൈറ്റിന്‍റെ ഗോളും.

അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി കഠിനമായി തന്നെ യുണൈറ്റഡിന് പരിശ്രമിക്കേണ്ടി വന്നു. എന്നാല്‍, യുണൈറ്റഡിന്‍റെ പല മുന്നേറ്റങ്ങളും ടര്‍ണര്‍ തട്ടിയകറ്റി. ഒടുവില്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവര്‍ ചരിത്ര ജയവും നേടി.

ലീഗിലെ 20 മത്സരങ്ങളില്‍ 9 എണ്ണവും തോല്‍വിയറിഞ്ഞ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ 7-ാം സ്ഥാനത്താണ്. മറുവശത്ത് ജയത്തോടെ പോയിന്‍റ് പട്ടികയില്‍ 15-ാം സ്ഥാനത്തേക്ക് എത്താന്‍ നോട്ടിങ്ങ്ഹാം ഫോറസ്റ്റിനായി.

അതേസമയം, പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആസ്റ്റണ്‍ വില്ലയും ജയം നേടിയിരുന്നു. സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ചെല്‍സി ലൂട്ടണ്‍ ടൗണിനെതിരെ 3-2ന്‍റെ ജയം സ്വന്തമാക്കി. ബണ്‍ലിക്കെതിരെ 3-2 എന്ന സ്കോറിനാണ് ആസ്റ്റണ്‍ വില്ലയും ജയിച്ചത്.

Also Read :ആഴ്‌സണലിന്‍റെ 'മോഹങ്ങള്‍' തകര്‍ത്ത് വെസ്റ്റ്‌ഹാം, പ്രീമിയര്‍ ലീഗില്‍ പീരങ്കിപ്പടയ്ക്ക് തോല്‍വി

ABOUT THE AUTHOR

...view details