ലണ്ടന്‍: പ്രീമിയര്‍ ലീഗിലേക്കുള്ള (Premier League) തിരിച്ചുവരവ് കെവിന്‍ ഡിബ്രൂയിന്‍ (Kevin De Bruyne) ആഘോഷമാക്കിയപ്പോള്‍ ന്യൂകാസിലിനെതിരായ (Newcastle United) മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ന്യൂകാസിലിന്‍റെ തട്ടകമായ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്‍റെ നീലപ്പട തകര്‍ത്തത്. പകരക്കാരനായെത്തി ഒരു ഗോളും അസിസ്റ്റും സ്വന്തം പേരിലാക്കിയ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയിന്‍റെ പ്രകടനമാണ് സിറ്റി ജയത്തില്‍ നിര്‍ണായകമായത്.
ബെര്‍ണാഡോ സില്‍വയും (Bernado Silva) ഓസ്‌കര്‍ ബോബുമാണ് (Oscar Bobb) സിറ്റിക്കായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. അലക്‌സാണ്ടര്‍ ഇസാക്ക് (Alexander Isak), ആന്‍റണി ഗോര്‍ഡന്‍ (Anthony Gordon) എന്നിവരാണ് ന്യൂകാസിലിന് വേണ്ടി സിറ്റി വലയില്‍ പന്തെത്തിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും മാഞ്ചസ്റ്റര്‍ സിറ്റിക്കായി.
ലീഗില്‍ ആദ്യ 20 മത്സരം പൂര്‍ത്തിയായപ്പോള്‍ സിറ്റി സ്വന്തമാക്കിയ 13-ാമത്തെ ജയമായിരുന്നു ഇത്. നാല് സമനിലയും മൂന്ന് തോല്‍വിയും അകൗണ്ടില്‍ ഉള്ള അവര്‍ക്ക് നിലവില്‍ 43 പോയിന്‍റാണുള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ രണ്ട് പോയിന്‍റ് മാത്രം പിന്നിലാണ് സിറ്റി.
സെന്‍റ് ജെയിംസ് പാര്‍ക്കിലെ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ന്യൂകാസില്‍ യുണൈറ്റഡ് ആയിരുന്നു. ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും പിന്നീട് അധികം വൈകാതെ തന്നെ രണ്ട് എണ്ണം തിരിച്ചടിച്ച് സന്ദര്‍ശകരെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്കായി. മത്സരത്തിന്‍റെ 26-ാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി അകൗണ്ട് തുറന്നത്.