ലണ്ടന്‍ :പ്രീമിയര്‍ ലീഗില്‍ (Premier League) ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) വിജയക്കുതിപ്പ് തടഞ്ഞ് വോള്‍വ്‌സ് (Wolves). മൊളിനെക്‌സില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മിഡില്‍ ലാന്‍ഡേര്‍സ് (Middle Landers) സിറ്റിയെ തകര്‍ത്തത് (Wolves vs Manchester City). തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്ക് ശേഷം സീസണില്‍ സിറ്റിയുടെ ആദ്യത്തെ തോല്‍വി ആയിരുന്നു ഇത്.
സിറ്റിയുടെ ആക്രമണങ്ങളോടെയായിരുന്നു മത്സരം തുടങ്ങിയത്. എന്നാല്‍ 13-ാം മിനിട്ടില്‍ ആദ്യം മുന്നിലെത്തിയത് ആതിഥേയരായ വോള്‍വ്‌സായിരുന്നു. സിറ്റി താരം റൂബന്‍ ഡയസിന്‍റെ സെല്‍ഫ് ഗോളായിരുന്നു സന്ദര്‍ശകരെ തുടക്കത്തില്‍ തന്നെ പിന്നിലാക്കിയത്. വോള്‍വ്‌സ് താരം നെറ്റോയുടെ ക്രോസ് തടായാനുള്ള ഡയസിന്‍റെ ശ്രമമായിരുന്നു ഗോളായി മാറിയത്. മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ ഈ ഗോളിന്‍റെ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
രണ്ടാം പകുതിയില്‍ 58-ാം മിനിട്ടില്‍ സിറ്റി സമനില ഗോള്‍ കണ്ടെത്തി. ഫ്രീ കിക്കിലൂടെ ഹൂലിയന്‍ അല്‍വാരസായിരുന്നു സിറ്റിയെ മത്സരത്തില്‍ വോള്‍വ്‌സിനൊപ്പമെത്തിച്ചത്. തുടര്‍ന്ന് ആക്രമണങ്ങളുടെ മൂര്‍ച്ചകൂട്ടി സിറ്റി വിജയത്തിലെത്തുമെന്നായിരുന്നു തോന്നിപ്പിച്ചത്.
എന്നാല്‍, 66-ാം മിനിട്ടില്‍ ഹ്വാങ് ഹീ ചാനിലുടെ വോള്‍വ്‌സ് മത്സരത്തിലെ രണ്ടാമത്തെ ഗോളും നേടി. 2-1 എന്ന സ്‌കോറിന് മുന്നിലെത്തിയതോടെ ആതിഥേയര്‍ തങ്ങളുടെ പ്രതിരോധക്കോട്ടയുടെ കരുത്ത് കൂട്ടി സിറ്റി മുന്നേറ്റങ്ങള്‍ക്ക് തടയിടുകയായിരുന്നു. ജയത്തോടെ ഏഴ് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ 13-ാം സ്ഥാനത്തേക്ക് എത്താന്‍ വോള്‍വ്‌സിന് സാധിച്ചിട്ടുണ്ട്. 18 പോയിന്‍റോടെ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.