ലണ്ടന്‍:ലോകകപ്പ് ഇടവേളയ്‌ക്ക് ശേഷം പന്തുരുണ്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ജയം. 15-ാം റൗണ്ട് മത്സരത്തില്‍ ആഴ്‌സണല്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയപ്പോള്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരെയായിരുന്നു ലിവര്‍പൂളിന്‍റെ ജയം. 3-1 നാണ് ഇരു ടീമും ജയിച്ചുകയറിയത്.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് രണ്ടാമതുള്ള ന്യൂകാസിലിനേക്കാള്‍ ഏഴ് പോയിന്‍റ് ലീഡുണ്ട്.
പിന്നില്‍ നിന്ന് മുന്നിലേക്ക് ആഴ്‌സണല്‍:വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ആഴ്‌സണല്‍ ജയം പിടിച്ചത്. മത്സരത്തിന്‍റെ 27ാം മിനിട്ടില്‍ തന്നെ വെസ്റ്റ്ഹാം പീരങ്കിപ്പടയെ ഞെട്ടിച്ചു. ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് സെയ്ദ് ബെൻറഹ്മയാണ് ഹാമ്മേഴ്‌സിന് ലീഡ് സമ്മാനിച്ചത്.
തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ സമനില ഗോള്‍ കണ്ടെത്താന്‍ ആഴ്‌സണല്‍ ശ്രമം നടത്തിയെങ്കിലും അവരുടെ നീക്കങ്ങളൊന്നും ഫലവത്തായില്ല. ഫസ്റ്റ് ഹാഫിന്‍റെ ഇഞ്ചുറി ടൈമില്‍ ആഴ്‌സണലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ പെനാല്‍റ്റി നിഷേധിച്ചതോടെ ഗണ്ണേഴ്‌സിന് 1-0ന് ഒന്നാം പകുതി അവസാനിപ്പിക്കേണ്ടി വന്നു.
വെസ്റ്റ്ഹാം മുന്നേറ്റങ്ങളോടെയാണ് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ രണ്ടാം പകുതിയും ആരംഭിച്ചത്. 47ാം മിനിട്ടില്‍ ആഴ്‌സണല്‍ ബോക്‌സിലേക്ക് പാഞ്ഞടുത്ത അന്‍റോണിയോ ഗബ്രിയേലിനെ മറികടന്ന് ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുന്നിലേക്ക് കയറിയെത്തിയ ആഴ്‌സണല്‍ ഗോളി റാംസ്‌ഡെയ്‌ല്‍ പന്ത് അനായാസം കൈകളിലാക്കി.
മറുവശത്ത് സമനിലഗോളിനായുള്ള ആഴ്‌സണലിന്‍റെ തുടരെതുടരെയുള്ള ശ്രമങ്ങള്‍ 53ാം മിനിട്ടില്‍ ഫലം കണ്ടു. ഒഡെഗാര്‍ഡിന്‍റെ അസിസ്റ്റില്‍ നിന്ന് സാക്കയാണ് ഗണ്ണേഴ്‌സിനെ മത്സരത്തില്‍ വെസ്റ്റ്ഹാമിനൊപ്പമെത്തിച്ചത്. തുടര്‍ന്ന് അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ പീരങ്കിപ്പട സന്ദര്‍ശകരെ വീണ്ടും ഞെട്ടിച്ചു.
ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുിടെ വകയായിരുന്നു രണ്ടാം ഗോള്‍. 69ാം മിനിട്ടിലാണ് മത്സരത്തില്‍ ആഴ്‌സണലിന്‍റെ മൂന്നാം ഗോള്‍ പിറന്നത്. എന്‍കിറ്റിയയാണ് ഗണ്ണേഴ്‌സിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമിന്‍റെയും ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
ആധികാരിക ജയവുമായി ലിവര്‍പൂള്‍:തുടക്കം തന്നെ ആസ്റ്റണ്‍വില്ലയെ ഞെട്ടിച്ചാണ് ലിവര്‍പൂള്‍ തുടങ്ങിയത്. മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ തന്നെ മൊഹമ്മദ് സലായുടെ ഗോളിലൂടെ റെഡ്‌സ് മുന്നിലെത്തിയിരുന്നു. റോബേര്‍ട്‌സണിന്‍റെ കോര്‍ണര്‍ ആസ്റ്റണ്‍വില്ല താരങ്ങള്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ബോക്‌സിന് പുറത്ത് പന്ത് സ്വീകരിച്ച അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് റോബര്‍ട്‌സണിലേക്ക് വീണ്ടും പന്ത് മറിച്ചുനല്‍കി.
സലായ്‌ക്ക് ടാപ് ഇന്‍ ചെയ്യാനുള്ള പാകത്തിനാണ് റോബര്‍ട്‌സണ്‍ പന്ത് നല്‍കിയത്. അത് കൃത്യമായി വലയിലെത്തിക്കാന്‍ ലിവര്‍പൂള്‍ സൂപ്പര്‍താരത്തിന് സാധിച്ചു തുടര്‍ന്നും ആക്രമണം ശക്തമാക്കിയ ലിവര്‍പൂള്‍ മത്സരത്തിന്‍റെ 37ാം മിനിട്ടില്‍ ലീഡുയര്‍ത്തി. മൊഹമ്മദ് സലായുടെ അസിസ്റ്റില്‍ നിന്ന് പ്രതിരോധനരി താരം വാന്‍ഡെക്കാണ് ചെമ്പടയുടെ രണ്ടാം ഗോള്‍ നേടിയത്.
രണ്ട് ഗോളിന് ഒന്നാം പകുതിയില്‍ പിന്നിട്ട് നിന്ന ആസ്റ്റണ്‍വില്ല സെക്കന്‍ഡ് ഹാഫില്‍ ൊരു ഗോള്‍ തിരിച്ചടിച്ചു. ഒലീ വാട്‌കിന്‍സിന്‍റെ വകയായിരുന്നു ഗോള്‍. മത്സരത്തിന്‍റെ 59ാം മിനിട്ടിലാണ് ലിവര്‍പൂളിന്‍റെ വല എതിരാളികള്‍ കുലുക്കിയത്.
തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമും കളം നിറഞ്ഞ് കളിച്ചു. ഒടുവില്‍ മത്സരത്തിന്‍റെ 81-ാം മിനിട്ടില്‍ സ്റ്റെഫാന്‍ ബജ്‌സെറ്റികാണ് ലിവര്‍പൂളിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
സമനിലയില്‍ കുരുങ്ങി ടോട്ടന്‍ഹാം: ബ്രെന്‍റ്‌ഫോര്‍ഡ് ടോട്ടന്‍ഹാം മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരു ടീമും മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടി. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ബ്രെന്‍റ്‌ഫോര്‍ഡിനോട് സമനില പിടിച്ചത്.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ്, ബ്രൈറ്റണ്‍, ഫുള്‍ഹാം, വോള്‍വ്‌സ് എന്നീ ടീമുകളും ജയം നേടി.