ഓള്‍ഡ് ട്രഫോര്‍ഡ്:പ്രീമിയര്‍ ലീഗ് (Premier League) പുത്തന്‍ സീസണ്‍ ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെ (Wolves) എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് വീഴ്‌ത്തിയത്. പ്രതിരോധനിര താരം റാഫേല്‍ വരാനെയാണ് (Raphael Varane) മത്സരത്തില്‍ വോള്‍വ്സ് വലയില്‍ യുണൈറ്റഡിന് വേണ്ടി പന്തെത്തിച്ചത്.
പേരുകേട്ട വമ്പന്‍ താരനിരയൊന്നുമില്ലാതെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറങ്ങിയ വോള്‍വ്സിന് മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിക്കാനായി. തകര്‍പ്പന്‍ മുന്നേറ്റങ്ങളിലൂടെ ഒന്നാം പകുതിയില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ അവര്‍ക്കായിരുന്നു. പലപ്പോഴായി യുണൈറ്റഡ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയ വോള്‍വ്സിനെ പൂട്ടാന്‍ യുണൈറ്റഡ് പ്രതിരോധം നന്നേ പണിപ്പെട്ടു.
ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും ഒന്നാം പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയില്‍ 74-ാം മിനിട്ടിലായിരുന്നു യുണൈറ്റഡ് ഗോള്‍ കണ്ടെത്തിയത്. യുണൈറ്റഡ് താരങ്ങള്‍ ഒരുമിച്ച് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
വോള്‍വ്‌സ് ബോക്‌സിന് പുറത്ത് നിന്നും ബ്രൂണോ ഫെര്‍ണാണ്ടസാണ് (Bruno Fernandes) ഗോളിലേക്ക് വഴിതുറന്നത്. വോള്‍വ്സ് താരങ്ങള്‍ക്ക് മുകളിലൂടെ ഫെര്‍ണാണ്ടസ് പന്ത് ഉയര്‍ത്തി ബോക്‌സിലുണ്ടായിരുന്ന ആരോണ്‍ വാന്‍ ബിസ്സാക്കയ്‌ക്ക് (Aaron Wan-Bissaka) കൈമാറി. യുണൈറ്റഡ് റൈറ്റ് വിങ് ബാക്ക് ബിസ്സാക്കയുടെ വോളി ഹെഡറിലൂടെ റാഫേല്‍ വരാന്‍ എതിര്‍വലയിലെത്തിക്കുകയായിരുന്നു.