ലണ്ടന്‍ : പ്രീമിയര്‍ ലീഗ് (Premier League) നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ (Manchester United) വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ഓള്‍ഡ് ട്രഫോര്‍ഡില്‍ എര്‍ലിങ് ഹാലന്‍ഡ് ഇരട്ടഗോളുമായി കളം നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയം പിടിച്ചത്. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അഞ്ചാമത്തെ തോല്‍വിയാണിത്.
ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ സിറ്റിയെ നേരിടാന്‍ ഇറങ്ങിയത്. ആദ്യ അഞ്ച് മിനിറ്റിലെ ചില നീക്കങ്ങള്‍ക്കൊടുവില്‍ പിന്നീട് ചിത്രത്തില്‍ പോലും യുണൈറ്റഡുണ്ടായിരുന്നില്ല. ഫില്‍ ഫോജനും ജാക്ക് ഗ്രീലിഷും നടത്തിയ ഗോള്‍ ശ്രമങ്ങള്‍ രക്ഷപ്പെടുത്താന്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാനയ്‌ക്ക് സാധിച്ചിരുന്നു.
24-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെയാണ് സിറ്റി ആദ്യ ഗോള്‍ നേടുന്നത്. നേരത്തെ, ഇതിന് മുന്‍പ് ലഭിച്ച ഫ്രീകിക്കിനിടെ സിറ്റി താരം റോഡ്രി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടിരുന്നു. സിറ്റി താരങ്ങളുടെ അപ്പീലിന് പിന്നാലെ വാര്‍ പരിശോധനയ്‌ക്കൊടുവിലാണ് റഫറി സിറ്റിക്ക് പെനാല്‍ട്ടി വിധിച്ചത്.
പെനാല്‍ട്ടിയെടുക്കാനെത്തിയ എര്‍ലിങ് ഹാലന്‍ഡ് കൃത്യമായി പന്ത് വലയിലെത്തിച്ചതോടെ ഓള്‍ഡ്‌ട്രഫോര്‍ഡില്‍ അരമണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ ലീഡ് പിടിക്കാന്‍ സന്ദര്‍ശകര്‍ക്കായി. പിന്നാലെ സമനിലയ്‌ക്കായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യം യുണൈറ്റഡിന് ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഹാലന്‍ഡിന്‍റെ ഗോളെന്നുറപ്പിച്ച ഹെഡറും തട്ടിയകറ്റാന്‍ ഒനാനയ്‌ക്കായിരുന്നു.