ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും മുന്‍ ചാമ്പ്യന്‍മാരായ ആഴ്‌സണലിനും മിന്നുന്ന ജയം. സ്വന്തം തട്ടകമായ സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത നാലു ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്.
മത്സരത്തിന്‍റെ 67 ശതമാനവും പന്ത് കൈവശം വെച്ച സിറ്റി ആധികാരിക ജയമാണ് നേടിയത്. 19ാം മിനിട്ടില്‍ ജർമൻ താരം ഗുണ്ടോഗനിലൂടെയാണ് സിറ്റി ആദ്യ ഗോള്‍ നേടിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ എർലിങ് ഹാലണ്ടാണ് ഗോളിന് വഴിയൊരുക്കിയത്.
31ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനിലൂടെ സംഘം രണ്ടാം ഗോളും നേടി. ഫിൽ ഫോഡനാണ് അസിസ്റ്റ് നല്‍കിയത്. 37ാം മിനിട്ടില്‍ ഡിബ്രൂയിന്‍ വഴിയൊരുക്കിയപ്പോള്‍ ഫോഡനും ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതിക്ക് മുമ്പ് സിറ്റി മുന്ന് ഗോളിന് മുന്നിലെത്തി.
എന്നാല്‍ രണ്ടാം പകുതിക്കിറങ്ങിയ സംഘത്തിന് ആക്രമണം കടുപ്പിക്കാനായില്ല. 79ാം മിനിറ്റില്‍ ബേണ്‍മൗത്ത് ഡിഫന്‍ഡര്‍ ജെഫേഴ്‌സണ്‍ ലെമയുടെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ സിറ്റി പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി.
ഇരട്ട മികവില്‍ ജസ്യൂസ്:സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിര നാലു ഗോളുകള്‍ക്ക് ലെസ്റ്റർ സിറ്റിയെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റും നേടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജസ്യൂസിന്‍റെ മികവിലാണ് ആഴ്‌സണല്‍ ജയം പിടിച്ചത്.
23, 35 മിനിറ്റുകളിലായിരുന്നു ജസ്യൂസിന്‍റെ ഗോളുകള്‍ നേട്ടം. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡുമായി കളത്തിലിറങ്ങിയ ഗണ്ണേഴ്‌സിനെ വില്യം സാലിബ ഓള്‍ ഗോള്‍ വഴങ്ങിയത് പ്രതിരോധത്തിലാക്കി. എന്നാല്‍ രണ്ട് മിനിട്ടുകള്‍ക്കകം ഗ്രാനിറ്റ് സാക്കയിലൂടെ തിരിച്ചടിച്ച് സംഘം ലീഡുയര്‍ത്തി.
74ാം മിനിറ്റില്‍ ജെയിംസ് മാഡിസണിലൂടെ ഗോള്‍ മടക്കിയ ലെസ്റ്റര്‍ തിരിച്ച് വരാന്‍ ശ്രമം നടത്തി. എന്നാല്‍ ഒരു മിനിട്ടിനകം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ മറുപടി നല്‍കിയ ആഴ്‌സണല്‍ ലെസ്റ്ററിന്‍റെ പ്രതീക്ഷ അവസാനിപ്പിച്ചു. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഗണ്ണേഴ്‌സിന് കഴിഞ്ഞു.
ബ്രൈറ്റണ്‍-ന്യൂകാസില്‍, വോള്‍വ്സ്-ഫുള്‍ഹാം മത്സരം ഗോള്‍രഹിത സമനിലയിലും, ലീഡ്‌സ് -സതാംപ്ടണ്‍ മത്സരം 2-2നും സമനിലയില്‍ അവസാനിച്ചു.