കേരളം

kerala

ETV Bharat / sports

Premier League| സിറ്റിക്ക് സമനില കുരുക്കിട്ട് നോട്ടിങ്‌ഹാം, ചെല്‍സിയെ കീഴടക്കി സതാംപ്‌ടണ്‍; ന്യൂകാസിലിനെതിരെ ലിവര്‍പൂളിന് ജയം

നോട്ടിങ്‌ഹാം യുണൈറ്റഡിനോട് സമനില വഴങ്ങിയതോടെ പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 52 പോയിന്‍റായി.

Premier League  Premier League Results  EPL  EPL Point Table  Nottam Forest vs Manchester City  Newcastle vs Liverpool  മാഞ്ചസ്റ്റര്‍ സിറ്റി  ലിവര്‍പൂള്‍  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  chelsea vs southampaton  ചെല്‍സി  ചെല്‍സി സതാംപ്‌ടണ്‍  സതാംപ്‌ടണ്‍
EPL

By

Published : Feb 19, 2023, 9:25 AM IST

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില കുരുക്ക്. 13-ാം സ്ഥാനക്കാരായ നോട്ടിങ്‌ഹാം ഫോറസ്റ്റനാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഈ സമനിലയോടെ പോയിന്‍റ് പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് വീണു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിലവില്‍ 24 മത്സരങ്ങളില്‍ നിന്നും 52 പോയിന്‍റാണ് ഉള്ളത്. 54 പോയിന്‍റുമായി ആഴ്‌സണലാണ് ഒന്നാമത്. ഇന്നലെ ആസ്റ്റണ്‍ വില്ലയെ 4-2 ന് തകര്‍ത്തതിന് പിന്നാലെയാണ് ആഴ്‌സണല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ പോയിന്‍റ് പട്ടികയില അവസാന സ്ഥാനക്കാരായ സതാംപ്‌ടണിനോടും ചെല്‍സി പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി സന്ദര്‍ശകരോട് കീഴടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജെയിംസ് വാർഡ് പ്രൗസ് നേടിയ ഗോളിനാണ് സതാംപ്‌ടണ്‍ ജയിച്ചത്.

അതേസമയം, ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് എത്തി. നിലവിലെ നാലാം സ്ഥാനക്കാരായ ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്താണ് ചെമ്പടയുടെ മുന്നേറ്റം. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആതിഥേയരായ ന്യൂകാസിലിനെ ലിവര്‍പൂള്‍ തകര്‍ത്തത്.

സിറ്റിയെ പൂട്ടി നോട്ടിങ്‌ഹാം:നോട്ടിങ്‌ഹാം ഫോറസ്റ്റിനെ അവരുടെ തട്ടകത്തില്‍ നേരിടാന്‍ ഇറങ്ങിയ സിറ്റിക്ക് മത്സരത്തിന്‍റെ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിരുന്നു. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഗോളിനായി ആതിഥേയര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്താന്‍ സിറ്റിക്കായി. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്.

എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഗോളടിച്ച് ലീഡ് പിടിക്കാന്‍ ഇംഗ്ലീഷ് വമ്പന്‍മാര്‍ക്ക് സാധിച്ചു. ജാക്ക് ഗ്രീലിഷിന്‍റെ അസിസ്റ്റില്‍ നിന്ന് ബെര്‍ണാഡോ സില്‍വയാണ് ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 41-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങളൊരുക്കാന്‍ സിറ്റിക്കായി. എന്നാല്‍ ഒന്നുപോലും ഗോളായി മാറിയില്ല. ഡിബ്രൂയിന്‍, ഹാലണ്ട്, ഗുണ്ടോഗന്‍ തുടങ്ങിയ പ്രധാന താരങ്ങളുടെയെല്ലാം ഷോട്ടുകള്‍ ഗോള്‍ വലയ്‌ക്കുള്ളില്‍ കടക്കാതെ പുറത്തേക്ക് പോയി.

മത്സരത്തിന്‍റെ 84-ാം മിനിട്ടിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് സമനില പിടിച്ചത്. ക്രിസ് വുഡ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. തുടര്‍ന്ന് ജൂലിയന്‍ അല്‍വാരസിനെയുള്‍പ്പടെ പെപ്പ് ഗാര്‍ഡിയോള കളത്തിലിറക്കിയെങ്കിലും ലീഡ് പിടിക്കാന്‍ സിറ്റിക്കായില്ല.

ചെല്‍സിയെ ഞെട്ടിച്ച് സതാംപ്‌ടണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനോടേറ്റ തോല്‍വിയുടെ ക്ഷീണവുമായി ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ഇറങ്ങിയ ചെല്‍സിക്കെതിരെ തുടക്കം മുതല്‍ തന്നെ സതാംപ്‌ടണ്‍ ആക്രമണം അഴിച്ചുവിട്ടു. മൂന്നാം മിനിട്ടില്‍ ബെനോയിറ്റ് ബാദിയാഷിലിന് പറ്റിയ പിഴവ് മുതലെടുത്ത് സന്ദര്‍ശകരുടെ മുന്നേറ്റനിരതാരം കമാലുദ്ദീൻ സുലെമാന ഷോട്ടുതിര്‍ത്തെങ്കിലും അത് ഗോളായി മാറിയിരുന്നില്ല. തുടര്‍ന്നും മികച്ച നീക്കങ്ങളിലൂടെ സതാംപ്‌ടണ്‍ ചെല്‍സിയെ സമ്മര്‍ദത്തിലാക്കിക്കൊണ്ടിരുന്നു.

തുടര്‍ന്ന് താളം കണ്ടെത്തിയതോടെ ചെല്‍സിയും മികച്ച മുന്നേറ്റങ്ങളുമായി സതാപ്‌ടണെ വിറപ്പിച്ചു. ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിക്കുമെന്ന് തോന്നിയ ഇടത്ത് നിന്നാണ് സതാംപ്‌ടണ്‍ ചെല്‍സിയെ ഞെട്ടിച്ചത്. 25 വാര അകലെ നിന്നും ലഭിച്ച ഫ്രീകിക്ക് കൃത്യമായി ജെയിംസ് വാർഡ് പ്രൗസ് ചെല്‍സി വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ റഹീം സ്റ്റെര്‍ലിങ്ങിനെ ഉള്‍പ്പടെ കളത്തിലിറക്കി ആക്രമണങ്ങള്‍ക്ക് ചെല്‍സി മൂര്‍ച്ച കൂട്ടിയെങ്കിലും ഗോള്‍ തിരിച്ചടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ചെല്‍സി. 23 മത്സരങ്ങളില്‍ നിന്ന് 31 പോയിന്‍റാണ് ടീമിനുള്ളത്.

രണ്ടടിച്ച് ലിവര്‍പൂള്‍:പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു ലിവര്‍പൂള്‍ രണ്ട് ഗോളും അടിച്ചത്. പത്താം മിനിട്ടില്‍ ഡാര്‍വിന്‍ ന്യൂനസിലൂടെയാണ് ചെമ്പട ആദ്യ ലീഡ് പിടിച്ചത്.

പിന്നാലെ മത്സരത്തിന്‍റെ 17-ാം മിനിട്ടില്‍ കോഡി ഗാപ്‌കോയിലൂടെ ലിവര്‍പൂള്‍ സെൻ്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 22 മത്സരങ്ങളില്‍ നിന്ന് 10 ജയം നേടിയ ലിവര്‍പൂളിന് 35 പോയിന്‍റാണുള്ളത്.

Also Read:ഇഞ്ച്വറി ടൈമിൽ ആഴ്‌സണലിന്‍റെ ഇരട്ട വെടി ; ആസ്റ്റണ്‍ വില്ലക്കെതിരെ തകർപ്പൻ ജയം, പോയിന്‍റ് പട്ടികയിൽ ഒന്നാമത്

ABOUT THE AUTHOR

...view details