ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പീരങ്കിപ്പടയെ തോല്‍പ്പിച്ചത്. സിറ്റിക്കായി കെവിന്‍ ഡിബ്രുയിന്‍, ജാക്ക് ഗ്രീലിഷ്, എര്‍ലിങ് ഹാലന്‍ഡ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബുക്കായോ സാക്കയിലൂടെയാണ് ആഴ്‌സണല്‍ ആശ്വാസഗോള്‍ കണ്ടെത്തിയത്.
ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്‍റ് പട്ടികയില്‍ ആഴ്‌സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്തി. നവംബറിന് ശേഷം ആദ്യമായാണ് സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. ലീഗില്‍ ഇരു ടീമിനും 51 പോയിന്‍റാണ് ഉള്ളത്.
എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. മത്സരത്തിന്‍റെ 16-ാം മിനിട്ടില്‍ സിറ്റിയായിരുന്നു ഗോളിനായി മികച്ച മുന്നേറ്റം നടത്തിയത്. ആഴ്‌സണല്‍ താരം ജോര്‍ജീഞ്ഞോയുടെ പിഴവില്‍ നിന്നും നേടിയെടുത്ത പന്തുമായി സിറ്റിയുടെ കൗണ്ടര്‍. എന്നാല്‍, ഹാലന്‍ഡിന്‍റെ അവസാന ഷോട്ട് ഗോള്‍വലയ്‌ക്കരികിലൂടെ പുറത്തേക്ക് പോയി.
22-ാം മിനിട്ടില്‍ മുന്നിലെത്താന്‍ ലഭിച്ച അവസരം ഗോളാക്കി മാറ്റാന്‍ ആഴ്‌സണലിനും സാധിച്ചില്ല. സിന്‍ചെങ്കോ നല്‍കിയ ക്രോസ് തലകൊണ്ട് സിറ്റി വലയിലെത്തിക്കാന്‍ എൻകെറ്റിയ ശ്രമിച്ചെങ്കിലും താരത്തിന്‍റെ ഹെഡര്‍ ശ്രമവും ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്.
വിങ്ങ് ബാക്ക് ടോമിയാസുവിന്‍റെ പിഴവിലൂടെയാണ് ആഴ്‌സണലിന് ഗോള്‍ വഴങ്ങേണ്ടി വന്നത്. ഇടതുവിങ്ങിലൂടെ മുന്നേറാനുള്ള സിറ്റി മുന്നേറ്റനിര താരം ജാക്ക് ഗ്രീലിഷിന്‍റെ ശ്രമം പരാജയപ്പെടുത്തിയ ടോമിയാസു പന്ത് ഗോള്‍ കീപ്പര്‍ റാംസ്‌ഡേലിന് മറിച്ച് നല്‍കാനാണ് ശ്രമിച്ചത്. എന്നാല്‍ ദുര്‍ബലമായ താരത്തിന്‍റെ പാസ് ഗോള്‍ കീപ്പറിലേക്ക് എത്തുംമുന്‍പ് തന്നെ ഡിബ്രുയിന്‍ പിടിച്ചെടുത്തു.
തുടര്‍ന്ന് മുന്നിലേക്ക് ഓടിവന്ന റാംസ്‌ഡേലിന് തലയ്‌ക്ക് മുകളിലൂടെ ഗോള്‍ പോസ്റ്റിലേക്ക് ഷോട്ട് പായിച്ചു. മത്സരത്തിന്‍റെ 24-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്. തുടര്‍ന്ന് തിരിച്ചടിക്കാനായി ആഴ്‌സണലും, ലീഡുയര്‍ത്താന്‍ വേണ്ട മുന്നേറ്റങ്ങള്‍ സിറ്റിയും നടത്തിക്കൊണ്ടിരുന്നു.
തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ സിറ്റിക്ക് ഒപ്പമെത്താന്‍ ആഴ്‌സണലിന് സാധിച്ചു. 42-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ബുക്കായോ സാക്കയാണ് ആഴ്‌സണലിന് സമനില നേടിക്കൊടുത്തത്. ആദ്യ പകുതി 1-1 എന്ന സ്‌കോര്‍ലൈനില്‍ അവസാനിച്ചതിന് പിന്നാലെ 72-ാം മിനിട്ടിലാണ് സിറ്റി തങ്ങളുടെ ലീഡുയര്‍ത്തിയത്.
ഇത്തവണ ജാക്ക് ഗ്രീലിഷ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. ലീഡുയര്‍ത്തി പത്ത് മിനിട്ടിന് ശേഷം സിറ്റി ആഴ്‌സണല്‍ പോസ്റ്റിലേക്ക് വീണ്ടും നിറയൊഴിച്ചു. എര്‍ലിങ് ഹാലന്‍ഡിലൂടെയായിരുന്നു ആതിഥേയര്‍ മുന്നാം ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ 83-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്. തുടര്‍ന്ന് തിരിച്ചടിക്കാന്‍ സാധിക്കാതെ വന്നതോടെ സിറ്റിക്കെതിരെ ആഴ്‌സണലിന് തോല്‍വി വഴങ്ങേണ്ടി വന്നു. തോല്‍വി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്‌ടപ്പെടുത്തിയെങ്കിലും സിറ്റിയേക്കാളും ഒരു മത്സരം കുറച്ച് കളിച്ചതിന്‍റെ മേല്‍ക്കോയ്‌മ ആഴ്‌സണലിനുണ്ട്.