ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ടോട്ടന്‍ഹാം (Tottenham) മത്സരം സമനിലയില്‍. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോളുകള്‍ വീതം നേടിയാണ് പിരിഞ്ഞത് (Man Utd vs Tottenham Match Result). മത്സരത്തില്‍ രണ്ട് പ്രാവശ്യം നേടിയ ലീഡും നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിക്കാതെ പോകുകയായിരുന്നു.
റാസ്‌മസ് ഹോയ്‌ലുണ്ടും (Rasmus Hojlund) മാര്‍ക്കസ് റാഷ്ഫോര്‍ഡുമാണ് (Marcus Rashford) മത്സരത്തില്‍ ആതിഥേയര്‍ക്കായി ഗോളുകള്‍ നേടിയത്. റിച്ചാര്‍ലിസന്‍റെയും (Richarlison) റോഡ്രിഗോ ബെന്‍റന്‍കുറുടെയും (Rodrigo Bentancur) ഗോളുകളാണ് ടോട്ടന്‍ഹാമിന് സമനില സമ്മാനിച്ചത്. സീസണിലെ 21-ാം മത്സരത്തില്‍ സമനില വഴങ്ങിയതോടെ ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഴാമതും തുടരുകയാണ്.
21 കളിയില്‍ 12 ജയവും നാല് സമനിലയും സ്വന്തമായുള്ള ടോട്ടന്‍ഹാമിന് 40 പോയിന്‍റാണ് നിലവില്‍. 32 പോയിന്‍റാണ് ഏഴാം സ്ഥാനക്കാരായ യുണൈറ്റഡിനുള്ളത്. 21 മത്സരങ്ങളില്‍ നിന്നും 10 ജയവും രണ്ട് സമനിലയും മാത്രമാണ് ചെകുത്താന്മാര്‍ക്ക് ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചത്.
ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോട്ടന്‍ഹാമിനെതിരെ മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ക്ക് ലീഡ് പിടിക്കാന്‍ സാധിച്ചു. ടോട്ടന്‍ഹാം ബോക്‌സിനുള്ളില്‍ മത്സരം ചൂടുപിടിക്കുന്നതിനിടെ കിട്ടിയ അവസരം തകര്‍പ്പന്‍ ഇടംകാല്‍ ഷോട്ടിലൂടെ ഹോയ്‌ലുണ്ട് ഗോളാക്കി മാറ്റുകയായിരുന്നു.