ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ലിവര്‍പൂളിന് വീണ്ടും സമനിലക്കുരുത്ത്. രണ്ടാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോടാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ക്രിസ്റ്റല്‍ പാലസിനായി വില്‍ഫ്രഡ് സാഹയും ലിവര്‍പൂളിനായി ലൂയിസ് ഡയസും ഗോള്‍ നേടി.
ആദ്യ കളിയില്‍ ഫുള്‍ഹാമിനോടും ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയിരുന്നു. ഇതോടെ പുതിയ സീസണില്‍ ജയത്തിനായി ചെമ്പടയ്‌ക്ക് ഇനിയും കാത്തിരിക്കണം. ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം മുന്നിലെത്താന്‍ ക്രിസ്റ്റല്‍ പാലസിന് കഴിഞ്ഞു.
32ാം മിനിട്ടില്‍ കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു വില്‍ഫ്രഡ് സാഹയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ശ്രമിക്കുന്നതിനിടെ 57ാം മിനിറ്റില്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് ലഭിച്ചത് ചെമ്പടയ്‌ക്ക് തിരിച്ചടിയായി.
പാലസിന്‍റെ പ്രതിരോധതാരം ജോക്കിം ആന്‍ഡേഴ്‌സണെ തലകൊണ്ട് ഇടിച്ചതിനാണ് താരത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഇതോടെ പത്തുപേരായി ചുരുങ്ങിയ ലിവര്‍പൂള്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും 61ാം മിനിട്ടില്‍ ഡയസ് രക്ഷകനാവുകയായിരുന്നു.
ക്രിസ്റ്റല്‍ പാലസിന്‍റെ ആറ് താരങ്ങളെ മറികടന്ന് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഡയസ് വലകുലുക്കിയത്. മത്സരത്തിന്‍റെ 73 ശതമാനവും പന്ത് കൈവശംവച്ച ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ അകന്ന് നില്‍ക്കുകയായിരുന്നു. നിലവില്‍ രണ്ട് സമനിലയുള്ള ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ 12ാമതാണ്. ഒരു തോല്‍വിയും ഒരു സമനിലയുമായി 16ാം സ്ഥാനത്താണ് ക്രിസ്റ്റല്‍ പാലസ്.