ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ അഞ്ചാം ജയം. ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നോര്‍വിച്ച് സിറ്റിയെ തോല്‍പിച്ചത്. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം ആറാക്കി കുറക്കാനായി.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ റഷീക്കയിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു നോര്‍വിച്ചിന്‍റെ തോല്‍വി. റഷീക്കയുടെ ഷോട്ട് ലിവർപൂൾ പ്രതിരോധ താരം മാറ്റിപ്പിന്‍റെ കാലിൽ തട്ടി വലയിൽ കയറുന്നത് നിസ്സാഹയനായി നോക്കി നിൽക്കാനെ ഗോൾകീപ്പർ അലിസണു കഴിഞ്ഞുള്ളു.
സാദിയോ മാനേയാണ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചത്. 64-ാം മിനിറ്റിലായിരുന്നു മാനേയുടെ സമനിലഗോള്‍. സിമിക്കാസിന്‍റെ ഹെഡർ പാസിൽ നിന്നും ഓവർ ഹെഡ് കിക്കിലൂടെയാണ് സാദിയോ മാനെ ഗോൾ നേടിയത്.
മൂന്ന് മിനിറ്റിനകം ആലിസന്‍റെ നെടുനീളൻ പാസിൽ നിന്നു മുഹമ്മദ് സലാ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ലിവർപൂളിനായി സലായുടെ 150-ാം ഗോൾ ആയിരുന്നു ഇത്. ജോർദൻ ഹെൻഡേഴ്‌സന്‍റെ പാസിൽ നിന്നു തന്‍റെ ആദ്യ ലിവർപൂൾ ഗോൾ കണ്ടത്തിയ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ലിവർപൂൾ ജയം ഉറപ്പിച്ചു. 25 കളിയില്‍ 57 പോയിന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍.
ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് ചെൽസി
ലണ്ടൻ ഡാർബിയിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ചെൽസി. സമനില എന്നു ഉറപ്പിച്ച മത്സരത്തിന്‍റെ 89-ാം മിനിറ്റിൽ മാർകോസ് അലോൺസോയുടെ ക്രോസിൽ നിന്ന് ഹക്കിം സിയെച്ചാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. ഇതോടെ തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കണ്ടത്താൻ സിയെച്ചിനായി.