ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയക്കുതിപ്പ് തുടരുന്നു. പുലർച്ചെ നടന്ന മത്സരത്തിൽ ലെസ്റ്റർസിറ്റിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കരുത്തരായ ലിവർപൂളിന്‍റെ വിജയം. ഡിയാഗോ ജോട്ടയുടെ ഇരട്ട ഗോളാണ് ലിവർപൂളിന് മികച്ച വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയുടെ 34-ാം മിനിട്ടിലാണ് ജോട്ടയിലൂടെ ലിവർപൂൾ ആദ്യ ഗോൾ സ്വന്തമാക്കിയത്. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ലിവർപൂൾ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ലെസ്റ്റർ സിറ്റി പ്രതിരോധം ശക്‌തമാക്കിയെങ്കിലും 87-ാം മിനിട്ടിൽ ജോട്ട മത്സരത്തിലെ തന്‍റെ രണ്ടാമത്തെ ഗോളും നേടി വിജയം ആഘോഷിച്ചു.
മത്സരത്തിലുടനീളം ലിവർപൂളിനായിരുന്നു ആധിപത്യം. 22 ഷോട്ടുകളാണ് ലെസ്റ്റർ സിറ്റിക്ക് നേരെ ലിവർപൂൾ ഉതിർത്തത്. ഇതിൽ 11 എണ്ണം ഷോട്ട്സ് ഓണ്‍ ടാർഗെറ്റ് ആയിരുന്നു. അതേ സമയം ലെസ്റ്റർ സിറ്റിക്ക് ലിവർപൂളിന് നേരെ അഞ്ച് ഷോട്ടുകൾ മാത്രമാണ് തൊടുക്കാൻ സാധിച്ചത്.
ALSO READ:PREMIER LEAGUE: വോൾവ്‌സിനെതിരെ വിജയം; അഞ്ചാം സ്ഥാനത്തേക്കുയർന്ന് ആഴ്‌സണൽ
വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം 9 ആയി കുറക്കാൻ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനായി. 23 മത്സരങ്ങളിൽ നിന്ന് 51 പോയിന്‍റാണ് ലിവർപൂളിനുള്ളത്. തോൽവിയോടെ ലെസ്റ്റർ സിറ്റി 21 മത്സരങ്ങളിൽ നിന്ന് 26 പോയിന്‍റുമായി 12-ാം സ്ഥാനത്തേക്ക് വീണു.