ലണ്ടന്‍:പുതുവര്‍ഷത്തെ പ്രീമിയര്‍ ലീഗിലെ (Premier League) ആദ്യ മത്സരം ജയിച്ച് ലിവര്‍പൂള്‍ (Liverpool). ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ (Newcastle United) രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെമ്പട വീഴ്‌ത്തിയത്. സൂപ്പര്‍ താരം മുഹമ്മദ് സലാ (Mohamed Salah) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ കര്‍ട്ടിസ് ജോണ്‍സും (Curtis Jones) കോഡി ഗാപ്‌കോയും (Cody Gapko) ലിവര്‍പൂളിനായി ന്യൂകാസില്‍ വലയില്‍ പന്തെത്തിച്ചിരുന്നു.
അലക്‌സാണ്ടര്‍ ഇസാകും (Alexander Isak) വെന്‍ ബോട്‌മാനുമാണ് (Sven Botman) ന്യൂകാസിലിനായി ഗോളുകള്‍ സ്കോര്‍ ചെയ്‌തത്. സീസണിലെ 20 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റ് സ്വന്തമാക്കിയ ലിവര്‍പൂള്‍ 45 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂകാസിലിനെതിരായ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ആസ്റ്റണ്‍വില്ലയ്‌ക്കെതിരെ മൂന്ന് പോയിന്‍റ് ലീഡ് സ്വന്തമാക്കാനും ചെമ്പടയ്‌ക്കായി (Premier League Points Table).
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യ വിസില്‍ മുഴങ്ങി സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ അവര്‍ ന്യൂകാസില്‍ ബോക്സിലേക്ക് ഇരച്ചെത്തി. ആദ്യത്തെ പത്ത് മിനിറ്റിനുള്ളില്‍ തന്നെ നിരവധി അവസരങ്ങള്‍ ആതിഥേയര്‍ സൃഷ്‌ടിച്ചെടുത്തെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല.
21-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ഡയസിനെ ഫൗള്‍ ചെയ്‌തതിന് ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍, മുഹമ്മദ് സലായുടെ കിക്ക് ന്യൂകാസില്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രക്കാവ രക്ഷപ്പെടുത്തി. തുടര്‍ന്നും ലിവര്‍പൂള്‍ ആക്രമണം കടുപ്പിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മാത്രം വന്നില്ല.