ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ തകര്‍ത്ത് ടോട്ടന്‍ഹാം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. ടോട്ടന്‍ഹാമിന്‍റെ ജയം. സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ ആയിരുന്നു സന്ദര്‍ശകര്‍ക്കായി ഗോളടിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയുട ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍ പിറന്നത്. ദക്ഷിണ കൊറിയന്‍ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്നിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഈ ഗോളോടെ ടോട്ടന്‍ഹാമിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ജിമ്മി ഗ്രീവ്‌സിനൊപ്പം ഒന്നാം സ്ഥാനത്തും കെയ്‌ന്‍ എത്തി.
ക്രാവന്‍ കോട്ടേജില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഫുള്‍ഹാമായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ഫുള്‍ഹാം മുന്നിട്ട് നിന്നു. കിട്ടിയ അവസരങ്ങള്‍ കൃത്യമായി വലയിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.
ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളും ടോട്ടന്‍ഹാം നിലനിര്‍ത്തിയിട്ടുണ്ട്. നിലവില്‍ 21 മത്സരം കളിച്ച ടീം 36 പോയിന്‍റുമായി ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. 20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് നാലാമത്.