ലണ്ടന്‍ :പ്രീമിയര്‍ ലീഗില്‍ (Premier League) തുടര്‍തോല്‍വികള്‍ക്കൊടുവില്‍ വിജയക്കുതിപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). സീസണിലെ 13-ാം മത്സരത്തിനിറങ്ങിയ യുണൈറ്റഡ് ഗുഡിസണ്‍ പാര്‍ക്കില്‍ ആതിഥേയരായ എവര്‍ട്ടണെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത് (Everton vs Manchester United Match Result). അവസാന അഞ്ച് മത്സരങ്ങളില്‍ നിന്നും യുണൈറ്റഡ് സ്വന്തമാക്കുന്ന നാലാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും ജയമായിരുന്നു ഇത്.
ഗുഡിസണ്‍ പാര്‍ക്കില്‍ ജയം മാത്രമായിരുന്നു ആതിഥേയരായ എവര്‍ട്ടണിന്‍റെയും സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള യുണൈറ്റഡിനെ വീഴ്‌ത്താന്‍ എവര്‍ട്ടണ്‍ ആവുന്ന വിധത്തിലെല്ലാം പരിശ്രമം നടത്തി. 24 ഷോട്ടുകളാണ് അവര്‍ ചുവന്ന ചെകുത്താന്മാരുടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചത്.
എന്നാല്‍, ഫിനിഷിങ്ങിലെ പിഴവുകള്‍ ടീമിന് തിരിച്ചടിയായി. 24 ഷോട്ടുകളില്‍ ആറെണ്ണം മാത്രമായിരുന്നു എവര്‍ട്ടണിന് ഓണ്‍ ടാര്‍ഗറ്റ് ലഭിച്ചത്. മറുവശത്ത് ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലെടുത്തായിരുന്നു യുണൈറ്റഡ് ജയം പിടിച്ചത്. 9 ഷോട്ടുകളില്‍ നാലെണ്ണം ഓണ്‍ ടാര്‍ഗറ്റ്, അതില്‍ മൂന്നും ഗോള്‍.
മത്സരത്തിന്‍റെ ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനെതിരെ ലീഡ് നേടി. അലജാന്‍ഡ്രോ ഗര്‍നാച്ചോയുടെ അത്ഭുത ബൈസിക്കിള്‍ ഗോളാണ് യുണൈറ്റഡിനെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിച്ചത് (Alejandro Garnacho Best Goal In EPL). വലത് വിങ്ങില്‍ നിന്നും ഡലോട്ട് നല്‍കിയ ക്രോസ് പിറകിലേക്ക് ഓടിയാണ് ഗര്‍നാച്ചോ എവര്‍ട്ടണ്‍ വലയിലേക്ക് ബൈസിക്കിള്‍ കിക്കിലൂടെ പന്തെത്തിച്ചത് (Alejandro Garnacho Bicycle Kick Against Everton).