ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വമ്പൻ തോൽവി. ലീഡ്‌സ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് നേരിട്ട ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. ലീഡ്‌സ് യുണൈറ്റഡിനായി ബ്രണ്ടൻ ആരോൺസൻ, റോഡ്രിഗോ മൊറിനോ, ജാക്ക് ഹാരിസൺ എന്നിവരാണ് ഗോളുകൾ നേടിയത്.
എലൻഡ് റോഡിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ചെൽസിയെയാണ് ആരാധകർക്ക് കാണാൻ ആയത്. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെൽസി പരാജയപ്പെട്ടില്ലെങ്കിലും അവരുടെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല. പലപ്പോഴും ലീഡ്‌സിന്‍റെ മുന്നേറ്റങ്ങൾ ചെൽസി പ്രതിരോധത്തിന് തലവേദന സൃഷ്‌ടിക്കുന്ന കാഴ്‌ചയായിരുന്നു.
33-ാം മിനിട്ടില്‍ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ ഒരു വലിയ അബദ്ധമാണ് ലീഡ്‌സിനെ മുന്നിലെത്തിച്ചത്. സഹതാരത്തിൽ നിന്നും മെൻഡി സ്വീകരിച്ച പന്ത് ക്ലിയർ ചെയ്യാതെ കാലിൽ വെച്ചുനിൽക്കെ പ്രസ് ചെയ്‌ച ആരോൺസൻ പന്ത് പിടിച്ചെടുത്ത് വല കുലുക്കുകയായിരുന്നു. മെൻഡിയുടെ കരിയറിലെ തന്നെ വലിയ അബദ്ധങ്ങളിൽ ഒന്നായിരുന്നുവിത്.
ഈ ഗോളിന് തൊട്ടു പിറകെ 37-ാം മിനിട്ടില്‍ റോഡ്രിഗോ ലീഡ്‌സിന്‍റെ ലീഡ് ഇരട്ടിയാക്കി. ഒരു ഫ്രീകിക്കിൽ നിന്നും ഹെഡറിലൂടെയാണ് റോഡ്രിഗോ ഗോൾ നേടിയത്. ഈ സീസണിൽ റോഡ്രിഗോ നേടുന്ന നാലാം ഗോളാണിത്.
രണ്ടാം പകുതിയിലും ലീഡ്‌സ് യുണൈറ്റഡ് അറ്റാക്കിങ് തുടർന്നു. തൽഫലമായി 69-ാം മിനിട്ടില്‍ ചെൽസി മൂന്നാം ഗോൾ വഴങ്ങി. ഇടതുവിങ്ങിൽ നിന്ന് ഡാനിയൽ ജെയിംസ് നൽകിയ ക്രോസ് റോഡ്രിഗോയിലേക്കെത്തി. പിന്നാലെ മനോഹരമായ ടച്ചിലൂടെ മെൻഡിയെ കാഴ്‌ച്ചക്കാരനാക്കി ജാക്ക് ഹാരിസൺ പന്ത് വലയിലെത്തിച്ചു.
പിന്നാലെ 84-ാം മിനിട്ടില്‍ പ്രതിരോധ താരം കൗലിബലി ചുവപ്പ് കാർഡ് കണ്ടതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. യുവ മുന്നേറ്റതാരം ജോ ഗെൽഹാഡിനെതിരെ കടുത്ത ടാക്കിൾ പുറത്തെടുത്തതാണ് കൗലിബലിക്ക് വിനയായത്. 2002 ശേഷം ചെൽസിക്ക് എതിരെ ലീഡ്‌സിന്‍റെ ആദ്യ ലീഗ് വിജയം ആണിത്. ലീഗിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ 4 പോയിന്‍റുമായി ചെൽസി 12-ാം സ്ഥാനത്തും 7 പോയിന്‍റുമായി ലീഡ്‌സ് മൂന്നാം സ്ഥാനത്തുമാണ്.
ALSO READ:പ്രീമിയര്‍ ലീഗില്‍ പുത്തന്‍ റെക്കോഡിട്ട് ഹാരി കെയ്‌ന്‍; മറികടന്നത് അഗ്യൂറോയെ
ബ്രൈറ്റണ് രണ്ടാം ജയം: വെസ്റ്റ് ഹാമിനെ അവരുടെ മൈതാനത്ത് നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് നേടിയത്. ബ്രൈറ്റൺ ലീഗിൽ രണ്ടാം ജയം സ്വന്തമാക്കിയപ്പോൾ ഡേവിഡ് മോയസിന്‍റെ കീഴിലിറങ്ങുന്ന വെസ്റ്റ് ഹാമിന്‍റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.
22-ാം മിനിട്ടില്‍ മാക് അലിസ്റ്റർ നേടിയ പെനാൽറ്റി ഗോളിലാണ് ബ്രൈറ്റൺ മുന്നിലെത്തിയത്. ഡാനി വെൽബെക്കിനെ കെഹ്റർ വീഴ്‌ത്തിയതിനായിരുന്നു ബ്രൈറ്റണ് അനുകൂലമായി പെനാൽറ്റി വിധിച്ചത്. 66-ാം മിനിട്ടില്‍ ഗ്രോസിന്‍റെ പാസിൽ നിന്ന് ലിയാൻഡ്രോ ട്രൊസാർഡ് ബ്രൈറ്റന്‍റെ രണ്ടാം ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 7 പോയിന്റും വെസ്റ്റ് ഹാമിന് പൂജ്യം പോയിന്‍റും ആണുള്ളത്.