ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും. മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോൾ ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റിയെ തകർത്തത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളുകൾക്ക് തകർത്ത ലിവർപൂൾ ബോണ്‍മൗത്തിനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.
ക്രിസ്റ്റൽ പാലസിന്‍റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എർലിങ് ഹാളണ്ടിന്‍റെ പെനാൽറ്റി ഗോളിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി വിജയം പിടിച്ചെടുത്തത്. ക്രിസ്റ്റൽ പാലസിന്‍റെ ശക്‌തമായ പ്രതിരോധത്തിൽ വലഞ്ഞ് സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മത്സരത്തിലാണ് വീണുകിട്ടിയ പെനാൽറ്റി മുതലാക്കി മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയത്. കടുത്ത പോരാട്ടമാണ് ഇരു ടീമുകളും ആദ്യപകുതിയിൽ പുറത്തെടുത്തത്.
പൊസിഷനിലും, പാസുകളിലും, ഷോട്ടുകളിലും ക്രിസ്റ്റൽ പാലസിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി. എന്നാൽ ഗോൾ നേടാൻ മാത്രം സിറ്റിക്കായില്ല. ക്രിസ്റ്റൽ പാലസിന്‍റെ ബോക്‌സിനുള്ളിലേക്ക് നിരവധി തവണ ഇരച്ചെത്തിയെങ്കിലും പന്ത് വലയ്‌ക്കുള്ളിലെത്തിക്കുന്നതിൽ സിറ്റി പരാജയപ്പെടുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. 78-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി എർലിങ് ഹാളണ്ട് അനായാസം ക്രിസ്റ്റൽ പാലസിന്‍റെ വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു. ഹാളണ്ടിന്‍റെ 28-ാം പ്രീമിയർ ഗോൾ കൂടിയായിരുന്നു ഇത്. വിജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 61 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി.
മൂന്നടിച്ച് ചെൽസി : മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസി ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്‍റെ 11-ാം മിനിട്ടിൽ ബെൻ ചിൽവെൽ ആണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 39-ാം മിനിട്ടിൽ പാറ്റ്സണ്‍ ഡാക്ക ലെസ്റ്ററിനായി സമനില ഗോൾ നേടി. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് കായ് ഹാവെർട്‌സിന്‍റെ ഗോളിലൂടെ ചെൽസി തങ്ങളുടെ ലീഡ് ഉയർത്തി.
ഇതോടെ രണ്ട് ഗോൾ ലീഡുമായി ചെൽസിയുടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിലും ആക്രമിച്ച് തന്നെയാണ് ചെൽസി മുന്നേറിയത്. ഇതിന്‍റെ ഫലമായി 78-ാം മിനിട്ടിൽ മത്തിയോ കൊവാച്ചിച്ചിലൂടെ ചെൽസി തങ്ങളുടെ മൂന്നാം ഗോളും വിജയവും സ്വന്തമാക്കി. എവേ ഗ്രൗണ്ടിൽ 2022 ഒക്‌ടോബറിന് ശേഷം ചെൽസിയുടെ ആദ്യ ജയം കൂടിയാണിത്. ജയിച്ചെങ്കിലും 26 മത്സരങ്ങളിൽ നിന്ന് 37 പോയിന്‍റുമായി 10-ാം സ്ഥാനത്താണ് ചെൽസി.
ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി : പ്രീമിയർ ലീഗിൽ വലിയ അട്ടിമറികളിലൊന്നായിരുന്നു ലിവർപൂളിനെതിരായ ബേണ്‍മൗത്തിന്‍റെ വിജയം. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ഏഴ് ഗോൾ വിജയത്തിന്‍റെ ആത്മ വിശ്വാസത്തിൽ കളത്തിലെത്തിയ ലിവർപൂളിന് പക്ഷേ തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. സൂപ്പർ താരം മുഹമ്മദ് സല നിർണായകമായ പെനാൽറ്റി നഷ്‌ടമാക്കിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂളിന്‍റെ തോൽവി.
കരുത്തരായ ലിവർപൂളിനെ വരിഞ്ഞ് മുറുക്കുന്ന പ്രകടനമാണ് പോയിന്‍റ് പട്ടികയിൽ 17-ാം സ്ഥാനത്തുള്ള ബേണ്‍മൗത്ത് കാഴ്‌ചവച്ചത്. മത്സരത്തിന്‍റെ 28-ാം മിനിട്ടിൽ ഫിലിപ്പ് ബില്ലിങ്ങാണ് ബേണ്‍മൗത്തിനായി ഗോൾ നേടിയത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലിവർപൂളിന്‍റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ബേണ്‍മൗത്തിന്‍റെ പ്രതിരോധക്കോട്ട കടക്കാൻ മുൻ ചാമ്പ്യൻമാർക്കായില്ല. ഇതോടെ ആദ്യ പകുതി ബേണ്‍മൗത്തിന്‍റെ ഒരു ഗോൾ ലീഡുമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണത്തോടെയാണ് ലിവർപൂൾ പന്തുതട്ടിയത്. ഇതിനിടെ 69-ാം മിനിട്ടിൽ സമനില ഗോൾ നേടുന്നതിന് പെനാൽറ്റിയുടെ രൂപത്തിൽ ലിവർപൂളിന് സുവർണാവസരം ലഭിച്ചു. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് മുഹമ്മദ് സല പെനാൽറ്റി പാഴാക്കുകയായിരുന്നു. തോൽവിയോടെ 26 കളികളിൽ നിന്ന് 42 പോയിന്‍റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. 26 മത്സരങ്ങളിൽ നിന്ന് 63 പോയിന്‍റുമായി ആഴ്‌സണലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.