ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. പോയിന്‍റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ബോണ്‍മൗത്തിനെ അവരുടെ തട്ടകത്തില്‍ 4-1 എന്ന സ്‌കോറിനാണ് സിറ്റി വീഴ്‌ത്തിയത്. ജൂലിയന്‍ അല്‍വാരസ്, എര്‍ലിങ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവര്‍ സിറ്റിക്കായി ഗോളടിച്ചു.
ക്രിസ് മെഫാമിന്‍റെ സെല്‍ഫ് ഗോളാണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. മറുവശത്ത് മധ്യനിര താരം ജെഫേഴ്‌സൺ ലെർമയുടെ വകയായിരുന്നു ബോണ്‍മൗത്തിന്‍റെ ആശ്വാസഗോള്‍. ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 25 മത്സരങ്ങളില്‍ നിന്നും 55 പോയിന്‍റായി.
24 മത്സരങ്ങളില്‍ 57 പോയിന്‍റുള്ള ആഴ്‌സണലാണ് ലീഗ് ടേബിളില്‍ ഒന്നാമത്. ഇന്നലെ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഗാബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയ ഗോളിലാണ് പീരങ്കിപ്പട ലീഗിലെ തങ്ങളുടെ 18-ാം ജയം സ്വന്തമാക്കിയത്.
കിരീടപ്പോരാട്ടത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ബോണ്‍മൗത്തിനെതിരെ വിജയിച്ചേ തീരു എന്ന അവസ്ഥയിലാണ് വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ സിറ്റി പന്ത് തട്ടാനിറങ്ങിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സന്ദര്‍ശകര്‍ മത്സരത്തിന്‍റെ 15-ാം മിനിട്ടില്‍ തന്നെ ലീഡ് പിടിച്ചു.
മധ്യനിരയില്‍ നിന്നും ലൂയിസ് പന്ത് റാഞ്ചി ഫോഡന്‍റെ കാലുകളിലെത്തിച്ചു. ഫോഡന്‍റെ പാസ് ഗുണ്ടോഗനിലേക്ക്. ബോക്‌സിന് പുറത്ത് നിന്നും പന്ത് ചിപ്പ് ചെയ്‌ത് ഫോഡന് തന്നെ തിരികെ നല്‍കി സിറ്റിയുടെ മധ്യനിരതാരം.
ഫോഡന്‍ ആ പന്ത് ഹാലന്‍ഡിലേക്ക് മറിച്ചുനല്‍കി. ഹാലന്‍ഡ് ഗോള്‍ വല ലക്ഷ്യമാക്കി പായിച്ച ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. ഈ സമയം, ഗോള്‍ പോസ്റ്റിന്‍റെ വലതുമൂലയില്‍ നിന്നിരുന്ന ജൂലിയല്‍ അല്‍വാരസ് റീബൗണ്ട് ഷോട്ട് കൃത്യമായി വലയ്‌ക്കുള്ളില്‍ എത്തിക്കുകയായിരുന്നു.
ആദ്യ വിസില്‍ മുഴങ്ങി അരമണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ സിറ്റി മത്സരത്തില്‍ രണ്ടാം ഗോളും നേടി. ഇത്തവണ എര്‍ലിങ് ഹാലന്‍ഡ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. ഇടത് വിങ്ങില്‍ നിന്നും ഗുണ്ടോഗന്‍ നല്‍കിയ ക്രോസ് ഫോഡന്‍ ഹാലന്‍ഡിന് ഗോളടിക്കാന്‍ പാകത്തിന് മറിച്ചു നല്‍കുകയായിരുന്നു.
പ്രീമിയര്‍ ലീഗ് ഈ സീസണില്‍ ഹാലന്‍ഡിന്‍റെ 27-ാം ഗോളായിരുന്നു ഇത്. ഇതോടെ ഒരു സീസണില്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ഹാലന്‍ഡ് സ്വന്തമാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സിറ്റി മൂന്നാം ഗോള്‍ നേടി. ഫില്‍ ഫോഡന്‍റെ വകയായിരുന്നു ഗോള്‍.
മത്സരത്തിന്‍റെ 51-ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസ് പായിച്ച ഷോട്ട് ബോണ്‍മൗത്ത് പ്രതിരോധ നിരതാരം ക്രിസ് മേഫാമിന്‍റെ ദേഹത്തിടിച്ച് വലയ്‌ക്കുള്ളിലെത്തുകയായിരുന്നു. ഇതോടെ സിറ്റിയുടെ ലീഡ് നാലായി ഉയര്‍ന്നു. 83-ാം മിനിട്ടില്‍ ജെഫേഴ്‌സൺ ലെർമയിലൂടെ ആതിഥേയര്‍ ആശ്വാസഗോള്‍ കണ്ടെത്തുകയായിരുന്നു.
ലിവര്‍പൂളിന് സമനില:പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസ്-ലിവര്‍പൂള്‍ മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ക്രിസ്റ്റല്‍ പാലസിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ഈ സമനിലയോടെ ലിവര്‍പൂളിന് ലീഗില്‍ 23 മത്സരങ്ങളില്‍ നിന്നും 36 പോയിന്‍റായി.
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍വില്ല, വെസ്റ്റ്‌ഹാം, ലീഡ്‌സ് യുണൈറ്റഡ് ടീമുകളും ജയിച്ചു. ക്രിസ്റ്റല്‍ പാലസ് ലിവര്‍പൂള്‍ മത്സരത്തിന് പുറമെ ഫുള്‍ഹാം വോള്‍വ്സ് പോരാട്ടവും സമനിലയിലാണ് കലാശിച്ചത്.