കേരളം

kerala

ETV Bharat / sports

ബോണ്‍മൗത്തിന്‍റെ ഹൃദയം തകര്‍ത്ത് ആഴ്‌സണല്‍ ; പ്രീമിയര്‍ ലീഗില്‍ പീരങ്കിപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, വിജയവഴിയില്‍ ചെല്‍സി - ചെല്‍സി ലീഡ്‌സ് യുണൈറ്റഡ്

ബോണ്‍മൗത്തിനെതിരായ മത്സരത്തിന്‍റെ 60ാം മിനിട്ടുവരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു ആഴ്‌സണല്‍. തുടര്‍ന്നാണ് ആതിഥേയര്‍ മൂന്ന് ഗോളടിച്ച് മത്സരം സ്വന്തമാക്കിയത്

premier league  arsenal  bournemouth  arsenal vs bournemouth  premier league match day 26 results  ആഴ്‌സണല്‍  ബോണ്‍മൗത്ത്  പ്രീമിയര്‍ ലീഗ്  പീരങ്കിപ്പട  ആഴ്‌സണല്‍ ബോണ്‍മൗത്ത്  ചെല്‍സി ലീഡ്‌സ് യുണൈറ്റഡ്  മാഞ്ചസ്റ്റര്‍ സിറ്റി
EPL

By

Published : Mar 5, 2023, 7:57 AM IST

ലണ്ടന്‍ : പ്രീമിയര്‍ ലീഗിലെ 26-ാം മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കി ആഴ്‌സണല്‍. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബോണ്‍മൗത്തിനെ 3-2നാണ് ആതിഥേയര്‍ തകര്‍ത്തത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചുകയറിയ പീരങ്കിപ്പട ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ജയം ഉറപ്പിച്ചത്.

ഫിലിപ്പ് ബില്ലിങ്, മാര്‍ക്കോസ് സെനേസി എന്നിവരുടെ ഗോളുകളില്‍ മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ചത് ബോണ്‍മൗത്തായിരുന്നു. തുടര്‍ന്ന് തോമസ് പാര്‍ട്ടി, ബെന്‍ വൈറ്റ് എന്നിവരുടെ ഗോളുകള്‍ ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം ലഭിച്ച കോര്‍ണര്‍ എതിര്‍ വലയിലെത്തിച്ച് റെയ്‌സ് നെല്‍സണ്‍ ആണ് ആഴ്‌സണലിന് ജയമൊരുക്കിയത്.

ജയത്തോടെ ആഴ്‌സണലിന് ലീഗില്‍ 63 പോയിന്‍റായി. നിലവില്‍ ഒന്നാം സ്ഥാനക്കാരായ ടീമിന് രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 5 പോയിന്‍റ് ലീഡുണ്ട്. തോല്‍വിയോടെ ബോണ്‍മൗത്ത് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനത്ത് തുടരുകയാണ്.

ആഴ്‌സണലിനെ ഞെട്ടിച്ച് ബോണ്‍മൗത്ത്: കിക്കോഫില്‍ നിന്ന് തന്നെ ആഴ്‌സണല്‍ ഗോള്‍വല ലക്ഷ്യം വച്ചായിരുന്നു ബോണ്‍മൗത്തിന്‍റെ കുതിപ്പ്. മൈതാനത്തിന്‍റെ വലതുവശത്തുകൂടി സന്ദര്‍ശകര്‍ നടത്തിയ ആദ്യ മുന്നേറ്റം ഗോളിലാണ് കലാശിച്ചത്. പത്ത് സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു ഈ ഗോള്‍ പിറന്നത്.

മധ്യനിര താരം ഫിലിപ് ബില്ലിങ്ങായിരുന്നു ബോണ്‍മൗത്തിനായി ഗോള്‍ നേടിയത്. തുടക്കത്തിലേറ്റ ഞെട്ടലിന് പിന്നാലെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ ആഴ്‌സണല്‍ ആരംഭിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ സമനില പിടിക്കാന്‍ ആഴ്‌സണലിന് സാധിച്ചില്ല.

57-ാം മിനിട്ടില്‍ ബോണ്‍മൗത്ത് വീണ്ടും ആഴ്‌സണല്‍ വല കുലുക്കി. ഇത്തവണ പ്രതിരോധ നിരതാരം മാര്‍ക്കോസ് സെനെസിയായിരുന്നു ഗോള്‍ സ്‌കോറര്‍.

തിരിച്ചടിച്ച് പീരങ്കിപ്പട:ബോണ്‍മൗത്ത് ക്യാമ്പില്‍ രണ്ടാം ഗോളിന്‍റെ ആഘോഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ആഴ്‌സണല്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 62-ാം മിനിട്ടില്‍ തോമസ് പാര്‍ട്ടിയാണ് ആതിഥേയര്‍ക്കായി സ്‌കോര്‍ ചെയ്‌തത്. 70-ാം മിനിട്ടില്‍ ബെന്‍ വൈറ്റിന്‍റെ ഗോളിലൂടെ പീരങ്കിപ്പട ബോണ്‍മൗത്തിനൊപ്പമെത്തി.

സമനിലയില്‍ മത്സരം കലാശിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ആഴ്‌സണലിന്‍റെ മൂന്നാം ഗോള്‍ പിറന്നത്. ബോണ്‍മൗത്ത് താരം ക്ലിയര്‍ ചെയ്‌ത കോര്‍ണര്‍ കിക്ക് നേരെ ചെന്നത് ബോക്‌സിന് പുറത്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന റെയ്‌സ് നെല്‍സണിന്‍റെ കാലുകളിലേക്കായിരുന്നു. പന്തുമായി മുന്നിലേക്ക് കയറിയ നെല്‍സണിന്‍റെ ഇടം കാല്‍ ഷോട്ട് ബോണ്‍മൗത്തിന്‍റെ ഹൃദയം തകര്‍ത്തു.

ഒടുവില്‍ ജയിച്ച് ചെല്‍സി : പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ചെല്‍സി. ഇന്നലെ നടന്ന മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തിന്‍റെ 53-ാം മിനിട്ടില്‍ വെസ്‌ലി ഫൊഫാന നേടിയ ഗോളിലായിരുന്നു ആതിഥേയരുടെ ജയം.

ലീഗിലെ 25-ാം മത്സരത്തില്‍ ടീമിന്‍റെ 9-ാം ജയമാണിത്. നിലവില്‍ 34 പോയിന്‍റുള്ള ചെല്‍സി പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ലീഡ്‌സ് യുണൈറ്റഡാണ് 11-ാം സ്ഥാനത്ത്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ ന്യൂകാസില്‍ വീണു:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ എന്നിവരുടെ ഗോളിനാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി ജയമുറപ്പിച്ചത്.

മത്സരത്തിന്‍റെ 15-ാം മിനിട്ടില്‍ ഫില്‍ ഫോഡനാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. 67-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വ ആതിഥേയരുടെ ലീഡുയര്‍ത്തി. പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള സിറ്റിക്ക്ജയത്തോടെ 26 മത്സരങ്ങളില്‍ നിന്നും 58 പോയിന്‍റായി.

വൂള്‍വ്‌സ് ഒന്നടിച്ചു, ടോട്ടന്‍ഹാം വീണു: ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് വൂള്‍വ്‌സ്. അദാമ ട്രോറിന്‍റെ ഗോളിലായിരുന്നു പോയിന്‍റ് പട്ടികയിലെ 13-ാം സ്ഥാനക്കാര്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനെ അട്ടിമറിച്ചത്. മത്സരത്തിന്‍റെ 82-ാം മിനിട്ടിലായിരുന്നു വൂള്‍വ്‌സ് വിജയഗോളടിച്ചത്.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല, ബ്രൈറ്റണ്‍, സതാംപ്‌ടണ്‍ ടീമുകളും ജയം നേടി.

ABOUT THE AUTHOR

...view details