ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്താമെന്ന ആഴ്‌സണലിന്‍റെ (Arsenal) മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് വെസ്റ്റ്ഹാം യുണൈറ്റഡ് (West Ham United). എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ലീഗിലെ 19-ാം റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പീരങ്കിപ്പടയെ ദി ഹാമ്മേഴ്‌സ് തോല്‍പ്പിച്ചത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ആഴ്‌സണലിന്‍റെ ആദ്യ പരാജയമായിരുന്നു ഇത്.
ലിവര്‍പൂളിനോട് അവസാന മത്സരം സമനില വഴങ്ങിയ പീരങ്കിപ്പട സ്വന്തം തട്ടകത്തില്‍ വെസ്റ്റ്‌ഹാമിനെ വീഴ്‌ത്തി പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്താമെന്ന മോഹവുമായിട്ടാണ് പന്തുതട്ടാനിറങ്ങിയത്. ഈ നയം വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ മത്സരം തുടങ്ങിയതും. ഒഡേഗാര്‍ഡും റൈസും സാക്കയുമെല്ലാം ആദ്യ മിനിറ്റ് മുതല്‍ക്ക് തന്നെ സന്ദര്‍ശകരുടെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി.
മൂന്നാം മിനിറ്റില്‍ വെസ്റ്റ്‌ഹാം ഗോള്‍ വല ലക്ഷ്യമാക്കി സാക്കയുടെ ഷോട്ട്. സാക്കയുടെ ഷോട്ട് അനായാസം തന്നെ വെസ്‌റ്റ്ഹാം ഗോള്‍ കീപ്പര്‍ കൈപ്പിടിയിലൊതുക്കി. തുടര്‍ന്നും വലതുവിങ്ങിലൂടെ വെസ്‌റ്റ്ഹാമിനെ പ്രതിരോധത്തിലാക്കാന്‍ ആഴ്‌സണലിന് സാധിച്ചു.
എന്നാല്‍, മറുവശത്ത് കിട്ടിയ അവസരം തുടക്കത്തില്‍ തന്നെ മുതലെടുത്ത് ആതിഥേയരെ ഞെട്ടിക്കാന്‍ വെസ്റ്റ്‌ഹാമിനായി. മത്സരത്തിന്‍റെ 13-ാം മിനിറ്റില്‍ തോമസ് സൗചെക്ക് (Tomas Soucek) എമിറേറ്റ്‌സ് സ്റ്റേഡിയത്തെ നിശബ്‌ദമാക്കി. ഗോള്‍ വഴങ്ങിയതോടെ ആഴ്‌സണല്‍ വീണ്ടും ആക്രമണം കടുപ്പിച്ചു.
ഒന്നിന് പിറകെ ഒന്നായുള്ള ആക്രമണം. എന്നാല്‍, ഗോള്‍ മാത്രം ആഴ്‌സണലില്‍ നിന്നും അകന്ന് നിന്നു. 42-ാം മിനിറ്റില്‍ സാക്കയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക്. പിന്നാലെ ആദ്യ പകുതിയുടെ വിസില്‍.