മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (Premier League 2023/24) ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് 2023/24 സീസണിലെ മത്സരക്രമം പുറത്ത്. ഒഗസ്റ്റ് 11ന് പുതിയ സീസണ്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Mancherster City) സീസണിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ കളത്തിലിറങ്ങും.
ബേണ്‍ലിയാണ് (Burnley) സിറ്റിയുടെ എതിരാളി. സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന ടീമാണ് ബേണ്‍ലി. സിറ്റിയുടെ മുന്‍ നായകനായിരുന്ന വിന്‍സെന്‍റ് കൊമ്പനിക്ക് കീഴിലാണ് ബേണ്‍ലി കളിക്കാനിറങ്ങുന്നത്.
സിറ്റി നായകനായി എട്ട് വര്‍ഷം കളിച്ച കൊമ്പനി നാല് പ്രാവശ്യം പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ടീമില്‍ അംഗമായിരുന്നു. ബേണ്‍ലിയുടെ മാനേജര്‍ ആയി ചുമതല ഏറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ടീമിനെ പ്രീമിയര്‍ ലീഗിലേക്ക് തിരികെ കൊണ്ടുവരാന്‍ സിറ്റി മുന്‍ നായകന് സാധിച്ചു. നേരത്തെ, എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍ കൊമ്പനിയുടെ ബേണ്‍ലി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിട്ടിരുന്നെങ്കിലും ജയം പിടിക്കാന്‍ ആയിരുന്നില്ല.
സീസണിലെ ആദ്യ റൗണ്ടിലെ പ്രധാന പോരാട്ടം ചെല്‍സി (Chelsea) ലിവര്‍പൂള്‍ (Liverpool) ടീമുകള്‍ തമ്മിലാണ്. ഒഗസ്റ്റ് 13 ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്‌ക്കാണ് ഈ മത്സരം. പുതിയ പരിശീലകന്‍ മൗറീഷോ പൊചെറ്റീനോയ്‌ക്ക് കീഴിലാണ് ചെല്‍സി ഇപ്രാവശ്യം കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ (Arsenal) ആദ്യ മത്സരത്തില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെ (Nottingham Forest) നേരിടും. ഓഗസ്റ്റ് 12നാണ് ഈ മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) 14ന് ആണ് ആദ്യ മത്സരത്തിനായിറങ്ങുന്നത്.