കേരളം

kerala

ETV Bharat / sports

പിആർ ശ്രീജേഷിനും സവിത പുനിയയ്‌ക്കും എഫ്‌ഐഎച്ച് പുരസ്‌കാരം - പിആർ ശ്രീജേഷ്

ഇന്‍റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍റെ (എഫ്‌ഐഎച്ച്) ഈ വര്‍ഷത്തെ മികച്ച ഗോള്‍ കീപ്പര്‍മാരായി പിആർ ശ്രീജേഷും സവിത പുനിയയും.

എഫ്‌ഐഎച്ച്  PR Sreejesh voted FIH Goalkeepers of Year  savita punia voted FIH Goalkeepers of Year  PR Sreejesh  savita punia  ഇന്‍റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍  International Hockey Federation  FIH
പിആർ ശ്രീജേഷിനും സവിത പുനിയയ്‌ക്കും എഫ്‌ഐഎച്ച് പുരസ്‌ക്കാരം

By

Published : Oct 5, 2022, 3:48 PM IST

ലൊസാനെ:ഇന്ത്യന്‍ ഹോക്കി താരങ്ങളായ പിആർ ശ്രീജേഷിനും സവിത പുനിയയ്‌ക്കും ഇന്‍റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍റെ (എഫ്‌ഐഎച്ച്) അവാര്‍ഡ്. ഈ വര്‍ഷത്തെ മികച്ച പുരുഷ, വനിത ഗോള്‍ കീപ്പര്‍മാരായാണ് യഥാക്രമം ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇരുവരും പ്രസ്‌തുത അവാര്‍ഡിന് അര്‍ഹരാവുന്നത്.

എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും പ്രകടനമാണ് ശ്രീജേഷിന് തുണയായത്. പ്രോ ലീഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ കോമണ്‍വെല്‍ത്തില്‍ വെള്ളി നേടാനും സംഘത്തിന് കഴിഞ്ഞു. വോട്ടിങ്ങില്‍ 39.9 പോയിന്‍റാണ് മലയാളി താരത്തിന് ലഭിച്ചത്.

ബെൽജിയത്തിന്‍റെ ലോയിക് വാൻ ഡോറൻ (26.3 പോയിന്‍റ്), നെതർലൻഡിന്‍റെ പ്രിമിൻ ബ്ലാക്ക് (23.2 പോയിന്‍റ്) എന്നിവരെയാണ് പിആര്‍ ശ്രീജേഷ് പിന്നിലാക്കിയത്. വിദഗ്‌ധർ (40%), ടീമുകൾ (20%), ആരാധകർ (20%), മീഡിയ (20%) എന്നിവർ ഓൺലൈനിലാണ് വോട്ട് രേഖപ്പെടുത്തിയത്.

എഫ്‌ഐഎച്ച് ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്‌കാരം തുടര്‍ച്ചയായി നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് ശ്രീജേഷ്. 2015ലും 2016ലും അവാർഡ് നേടിയ ഡേവിഡ് ഹാർട്ടെ (അയർലൻഡ്) 2017 മുതൽ 2019 വരെ തുടർച്ചയായി മൂന്ന് തവണ പുരസ്‌കാരം നേടിയ വിൻസെന്‍റ് വനാഷ് (ബെൽജിയം) എന്നിവരാണ് മുമ്പ് സമാന നേട്ടം സ്വന്തമാക്കിയത്.

പ്രചോദനമെന്ന് ശ്രീജേഷ്:അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ശ്രീജേഷ് പ്രതികരിച്ചു. "ഇതൊരു വലിയ ബഹുമതിയും കഠിനാധ്വാനത്തിനുള്ള അംഗീകാരവുമാണ്. ഹോക്കി ആരാധകര്‍ ഉള്‍പ്പെടെ വോട്ടുചെയ്യുന്നതിനാല്‍ ഈ പുരസ്‌കാരം സ്‌പെഷ്യലാണ്.

കരിയറിലെ ഏത് ഘട്ടത്തിലാണെങ്കിലും അവാർഡുകൾ നേടുന്നത് എല്ലായ്‌പ്പോഴും പ്രചോദനം നൽകുന്ന ഒരു ഘടകമാണ്. എഫ്‌ഐഎച്ച് പുരുഷ ലോകകപ്പ് ഭുവനേശ്വർ കളിക്കുന്ന സുപ്രധാന വർഷത്തിൽ കൂടുതൽ മെച്ചപ്പെടുത്താനും മികച്ച പ്രകടനം നടത്താനും ഈ അവാർഡ് തീർച്ചയായും എന്നെ പ്രേരിപ്പിക്കുന്നു", ബെംഗളൂരുവിലെ സായ്‌ സെന്‍ററില്‍ നിന്നും ശ്രീജേഷ് പറഞ്ഞു.

അതേസമയം ഈ സീസണിൽ 250 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കാനും ശ്രീജേഷിന് കഴിഞ്ഞിരുന്നു. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യക്കാരനും ഏക ഗോൾകീപ്പറുമാണ് താരം.

32 കാരിയായ സവിത 37.6 പോയിന്‍റുമായാണ് വോട്ടിങ്ങില്‍ ഒന്നാമതെത്തിയത്. അർജന്‍റീനയുടെ ഇതിഹാസ താരം ബെലെൻ സുച്ചി (26.4 പോയിന്‍റ്), ഓസ്‌ട്രേലിയൻ താരം ജോസ്‌ലിൻ ബാർട്ടം (16 പോയിന്‍റ്) എന്നിവര്‍ സവിതയ്‌ക്ക് പിന്നിലായി.

എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗില്‍ ഇന്ത്യയെ നയിച്ച താരം മിന്നുന്ന പ്രകടമാണ് നടത്തിയത്. 14 മത്സരങ്ങളില്‍ നിന്നും 57 സേവുകളുമായി സവിത തിളങ്ങിയിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യന്‍ വനിതകളുടെ വെങ്കല നേട്ടത്തിലും താരത്തിന് സുപ്രധാന പങ്കുണ്ട്.

ABOUT THE AUTHOR

...view details