ലിസ്‌ബൺ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ കായിക ലോകത്തും പ്രതിഷേധം ആളിപ്പടരുന്നതിനാണ് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗടക്കം വിവിധ ഫുട്ബോള്‍ ലീഗുകളിൽ യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തുടർച്ച ഇന്നലെ പോര്‍ച്ചുഗീസ് ലീഗിലും കണ്ടു.
പോർച്ചുഗീസ് ഫുട്ബോൾ ലീഗ് മത്സരത്തിനിടെ, ആരാധകര്‍ തനിക്കും രാജ്യത്തിനും നൽകിയ പിന്തുണയ്ക്ക് മുന്നിൽ ബെന്‍ഫിക്കയുടെ യുക്രൈൻ താരം റോമൻ യാരേംചുക് കണ്ണീരണിഞ്ഞതാണ് ഏറ്റവും ഒടുവിലത്തേത്.
ഞായറാഴ്‌ച വിറ്റോറിയക്കെതിരായ മത്സരത്തിന്‍റെ 62–ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ യാരേംചുകിന് ക്യാപ്റ്റൻ ആം ബാൻഡ് നൽകിയാണ് ക്ലബ് അധികൃതർ പിന്തുണ അറിയിച്ചത്. താരം മൈതാനത്തേക്ക് പ്രവേശിച്ചപ്പോൾ ബെന്‍ഫിക്ക ആരാധകർ എഴുന്നേറ്റ് കയ്യടിച്ചു. ആരാധകരുടെ ഈ സ്നേഹ പ്രകടനത്തിന് മുന്നിലാണ് യാരേംചുക് വികാരാധീനനായത്.
ALSO READ:യുക്രൈന്‍ അധിനിവേശം: ബെലാറസിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ത്യ റദ്ദാക്കി
മത്സരത്തില്‍ വിറ്റോറിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെന്‍ഫിക്ക തോല്‍പിച്ചു. ചാംപ്യൻസ് ലീഗിൽ അയാക്‌സിനെതിരായ കളിയിൽ ബെന്‍ഫിക്കയുടെ സമനില ഗോൾ നേടിയതിനുശേഷം ജഴ്‌സി ഊരിമാറ്റി യുക്രൈന്‍റെ ദേശീയ ചിഹ്നം പ്രദർശിപ്പിച്ചിരുന്നു താരം.