ന്യൂഡല്‍ഹി :ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്‍റിലേക്കുള്ള ഗുസ്‌തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് രാജ്യതലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ബ്രിജ്‌ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളെ ജന്തര്‍മന്തറില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല.
പ്രതിഷേധം സംഘടിപ്പിക്കുന്ന പല താരങ്ങളും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചിരുന്നു. ബലം പ്രയോഗിച്ചാണ് സമരക്കാരെ പൊലീസ് തടഞ്ഞത്. നിരവധി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുള്‍പ്പടെയുള്ള താരങ്ങളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് താരങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ജന്തര്‍ മന്തറില്‍ നിന്ന് പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ മുന്നിലേക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ ഉദ്‌ഘാടന ദിവസം ആയതിനാലായിരുന്നു ഇന്ന് മാര്‍ച്ച് നടത്താന്‍ താരങ്ങള്‍ നിശ്ചയിച്ചത്.
നേരത്തെ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായെത്തിവരെ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ വച്ചുതന്നെ പൊലീസ് തടഞ്ഞിരുന്നു. കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയിലാണ് പൊലീസ് തടഞ്ഞത്. സമരം നടക്കുന്നിടത്ത് എത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മാര്‍ച്ച് തുടങ്ങിയതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചായിരുന്നു കൊണ്ടുപോയത്. പൊലീസ് തങ്ങളെ മര്‍ദിച്ചിരുന്നതായി കസ്റ്റഡിയിലെടുത്ത താരങ്ങള്‍ ആരോപിച്ചു.
പാര്‍ലമെന്‍റ് കെട്ടിടത്തിന് മുന്നില്‍ മഹിള സമാൻ ഖാപ് പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് രാവിലെ പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാവിലെ മുതല്‍ തന്നെ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഡല്‍ഹി നഗരം. ഗുസ്‌തി താരങ്ങളുടെ മാര്‍ച്ച് തടയുന്നതിനായി പൊലീസ് നേരത്തെ തന്നെ മൂന്നിടങ്ങളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു.
കൂടാതെ താരങ്ങളെ തടയാന്‍ വലിയ പൊലീസ് നിരയും സ്ഥലത്ത് സജ്ജമായിരുന്നു. ഇതിനെയെല്ലാം മറികടന്നായിരുന്നു താരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ദേശീയ പതാകയും കയ്യിലേന്തിയായിരുന്നു താരങ്ങളുടെ മാര്‍ച്ച്.
ആദ്യ രണ്ട് ബാരിക്കേഡുകളും ചാടിക്കടന്നെത്തിയ താരങ്ങള്‍ മൂന്നാം ബാരിക്കേഡിനരികിലേക്ക് എത്തിയപ്പോഴേക്കും ഇവരെ പൊലീസ് വളഞ്ഞു. പിന്നാലെയാണ് സാക്ഷി മാലിക് ഉള്‍പ്പടെയുള്ള താരങ്ങളെ കസ്റ്റഡിയിലെടുത്തത്. സാക്ഷി മാലിക്കിനെ പൊലീസ് കയ്യേറ്റം ചെയ്യുന്ന സ്ഥിതിയും സ്ഥലത്തുണ്ടായി.
പ്രതിഷേധമാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ ബ്രിജ്‌ഭൂഷണ്‍ സിങ്ങിന്‍റെ വസതിക്ക് മുന്നിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ബ്രിജ്‌ഭൂഷണിന്‍റെ വസതിക്ക് സമീപത്തുവച്ചായിരുന്നു പൊലീസ് താരങ്ങളെ തടഞ്ഞത്. അതേസമയം, ഡല്‍ഹി പൊലീസിന്‍റെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണര്‍ സമരക്കാരുമായി ആശയ വിനിമയം നടത്താന്‍ ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനും താരങ്ങളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Also Read :'കായിക പ്രതിഭകളാണോ ക്രിമിനൽ ചരിത്രമുള്ള രാഷ്‌ട്രീയക്കാരനാണോ ശ്രദ്ധ അർഹിക്കുന്നത്' ; ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി കമൽഹാസൻ
അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയാവശ്യപ്പെട്ടുകൊണ്ടാണ് താരങ്ങള്‍ ഏപ്രില്‍ അവസാന വാരം ജന്തര്‍മന്തറില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചത്. താരങ്ങളുടെ പരാതിയില്‍ നടപടിയുണ്ടാകുമെന്ന് ഈ വര്‍ഷം ആദ്യം കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത് സംഭവിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി ഗുസ്‌തി താരങ്ങള്‍ വീണ്ടും സമരമുഖത്തേക്ക് എത്തിയത്.