ന്യൂഡല്‍ഹി: സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണില്‍ കന്നി കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് അഭിമാന നിമിഷമാണ് ഇതെന്നും, താരത്തിന്‍റെ നേട്ടം വരും തലമുറയ്‌ക്ക് പ്രചോദനമാവുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
''സിംഗപ്പൂർ ഓപ്പണില്‍ ആദ്യ കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനങ്ങള്‍. അവൾ വീണ്ടും തന്‍റെ അസാധാരണമായ കായിക കഴിവുകൾ പ്രകടിപ്പിക്കുകയും വിജയം നേടുകയും ചെയ്‌തു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്, വരാനിരിക്കുന്ന കളിക്കാർക്ക് ഇത് പ്രചോദനം നൽകും'', പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
താരത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖരും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. എല്ലാ മത്സരങ്ങളും ജയിക്കാനുള്ള സിന്ധുവിന്‍റെ മനോഭാവവും ഉത്സാഹവും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് എന്നാണ് സച്ചിന്‍ കുറിച്ചത്.